photo
ഒറ്റപ്പാലത്ത് തടയണ നിർമ്മിക്കുന്ന ഭാരതപ്പുഴയുടെ ഭാഗം.

ഒറ്റപ്പാലം: നീണ്ട 12 വർഷമായിട്ടും തറക്കല്ലിടൽ പോലും നടക്കാതെ നീളുകയാണ് ഒറ്റപ്പാലം തടയണ പദ്ധതി. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതപ്പുഴയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും സർക്കാർ ഫയലിൽ ഉറങ്ങുന്നത്. ഇതോടെ കൊടുംവേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന സ്ഥിതിയാണ്.

2007ൽ 44 നദികളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച തീരസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേളയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ് ഒറ്റപ്പാലം തടയണ പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ ബഡ്ജറ്റിൽ ഒരുകോടി രൂപയും വകയിരുത്തിയിരുന്നു. പിന്നീട് പദ്ധതി രേഖപോലും തയ്യാറാക്കാനായിട്ടില്ല. പിന്നീട് പി.ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതി പുനരവതരിപ്പിക്കുകയും ചെയ്തു.
തൃശൂർ കൊണ്ടാഴി പഞ്ചായത്തിലെ കലംകണ്ടത്തൂർ കടവിനെയും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ ശ്മശാനം കടവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് സ്ഥിരം തടയണ നിർമിക്കുന്നത്. 250 മീറ്റർ നീളമുള്ള തടയണയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധനക്കുള്ള പദ്ധതിരേഖ ഷൊർണൂർ ജലസേചനവകുപ്പ് അധികൃതർ ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയുടെ പദ്ധതിരേഖയാണ് പരിശോധനകൾക്കായി സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ തടയണയുടെ ഉയരവും മറ്റും കണക്കാക്കുന്നതിനുള്ള സർവേയും നടത്തണം.

പരിശോധനയ്ക്ക് ശേഷം തടയണയുടെ മാതൃക നിർമിക്കുന്നതിനായി ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബ്യൂറോയി (ഐ.ഡി.ആർ.ബി)ലേക്ക് കൈമാറും. മാതൃക കിട്ടിയ ശേഷമാണ് പദ്ധതി രൂപരേഖ തയ്യാറാക്കുക. പ്രളയം മൂലമുള്ള ഫണ്ടിലുണ്ടായി അപര്യാപ്തതയാണ് പദ്ധതി തുടങ്ങാൻ വൈകുന്നതെന്ന് അധികൃതർ പറഞ്ഞു.

* ആശ്രയം 48 കുടുംബങ്ങൾക്ക്
ജല അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ വീടുകൾക്കാണ് തടയണ വരുന്നത് ഏറെ ആശ്വാസമാവുക. പ്രദേശത്തെ 48 കുടുംബങ്ങൾക്ക് ഒരുമാസമായി വെള്ളംലഭിച്ചിട്ട്. തടയണ യാഥാർത്ഥ്യമായാൽ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.