മവേലയുടെ ഭാഗമായി ഇന്നലെ നെന്മാറ ദേശത്ത് ആണ്ടി വേലയും, വല്ലങ്ങി ദേശത്ത് താലപ്പൊലിയും നടന്നു. വേലയ്ക്ക് മാറ്റുകൂട്ടുന്നതിനായി ഇരു ദേശങ്ങളും ആനച്ചമയ പ്രദർശനവും ഉണ്ടായി.
നെന്മാറ ദേശത്ത് ബുധനാഴ്ച്ച പുലർച്ചെ വാളുകടയൽ ചടങ്ങുകളോടെയാണ് വേലയ്ക്ക് തുടക്കമാകുക. തുടർന്ന് വരിയോല വായന, പറ എഴുന്നള്ളത്ത് നടക്കും. കാലത്ത് 11 മണിയ്ക്ക് കോലം കയറ്റുന്നതോടെ കുനിശ്ശേരി ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം ആരംഭിക്കുന്നതോടെ പകൽ വേല എഴുന്നള്ളത്ത് മൂലസ്ഥാനത്ത് നിന്ന് ആരംഭിക്കും. എഴുന്നള്ളത്ത് വേട്ടക്കൊരുമകൻ ക്ഷേത്രം, നെന്മാറ ജംഗ്ഷൻ വഴി ബസ് സ്റ്റാൻിലും, പിന്നീട് ദീപാലങ്കാര പന്തലിലും അണി നിരക്കും. കുടമാറ്റത്തിന് ശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിൽ കയറി ഭഗവതിയെ പ്രദക്ഷിണം ചെയ്യും.

വല്ലങ്ങി ദേശത്ത് ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് തിടമ്പു പൂജയും, ഈടുവെടിയും നടക്കും 11 മണിയ്ക്ക് കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയെ തുടർന്ന് കോലം കയറ്റും. പനങ്ങാട്ടിരി മോഹനന്റെ നേതൃത്വത്തിൽ വല്ലങ്ങി ശിവക്ഷേത്രത്തിൽ പഞ്ചവാദ്യത്തിന് തുടക്കമിടുന്നതോടെ പകൽ വേല എഴുന്നള്ളത്ത് ആരംഭിക്കും. എഴുള്ളത്ത്
വല്ലങ്ങി തണ്ണീപ്പാംകുളം വഴി വല്ലങ്ങി പന്തലിൽ അണിനിരക്കും. തുടർന്ന് മേളം കൊട്ടികയറി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തും. തുടർന്ന് വെടിക്കെട്ടും ഉണ്ടാകും. ഇരു ദേശത്തും രാത്രിയും എഴുന്നള്ളത്തും, പുലർച്ചെ വെടിക്കെട്ടും, നടത്തി കാവ് ഇറങ്ങി കോലം ഇറക്കുന്നതോടെയാണ് വേലയ്ക്ക് സമാപനമാകുക.

-ഗതാഗത നിയന്ത്രണം

വേലയോടനുബന്ധിച്ച് ഇന്ന് രാവിലെ പത്തുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശൂർ ഭാഗത്ത് നിന്ന് ഗോവിന്ദാപുരത്തേക്കുള്ള ബസുകൾ ഒഴികെ വലിയ വാഹനങ്ങൾ വടക്കഞ്ചേരിയിൽ നിന്ന് ആലത്തൂർ, കുനിശ്ശേരി, കൊടുവായൂർ, കൊല്ലങ്കോട് വഴി പോകണം. ബസുകൾ അയിനംപാടം എത്തി മേലാർക്കോട് വഴി പോകണം. ഗോവിന്ദാപുരത്തു നിന്നുള്ള ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂർ വഴി പോകണം. ബസുകൾ വിത്തനശ്ശേരി ബ്ലോക്ക് ഓഫീസ് ജംഗ്ഷനിലെത്തി പല്ലാവൂർ, കുനിശ്ശേരി, ആലത്തൂർ വഴി പോകണം. പാലക്കാട് നിന്ന് പല്ലാവൂർ വഴിയുള്ള വാഹനങ്ങൾ വിത്തനശ്ശേരിയിലെത്തി തിരിച്ചു പോകണം. കുനിശ്ശേരിയിലൂടെയുല്‌ളവ കിളിയല്ലൂർ എത്തി തിരിച്ചു പോകണം. പോത്തുണ്ടിയിൽ നിന്നുള്ള വാഹനങ്ങൾ അളുവാശ്ശേരിയിലും അയിലൂരിൽ നിന്നുള്ളവ കണീമംഗലത്തും യാത്ര അവസാനിപ്പിക്കണം.