പാലക്കാട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് യു.ഡി.എഫിലും കോൺഗ്രസിനും ബാധ്യതയാകുമെന്ന് എം ബി രാജേഷ് എം പി. പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കും സംഘപരിവാറിനും എതിരെ പടനയിക്കുന്ന നേതാവെന്ന് അവകാശപ്പെടുന്ന രാഹുൽ അവർക്കെതിരെ നേർക്ക് നേർ പോർമുഖം തുറക്കുന്നതിന് പകരം ഇടതുമുന്നണി നേരിടുന്നത് ആത്മവിശ്വാസമില്ലാത്തതിനാലാണ്. വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ശത്രുവിനെ ഭയന്ന് പട ഉപേക്ഷിച്ച് ഒളിച്ചോടിയ പടത്തലവന്റെ അവസ്ഥയിലാണ് രാഹുൽ എത്തിചേർന്നിരിക്കുന്നത്. ഇത്തരമൊരാൾ ഇന്ത്യയെ എങ്ങനെ നയിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകേണ്ടി വരും. കോൺഗ്രസിന്റെയും ചില നേതാക്കളുടെ സങ്കുചിത താത്പര്യത്തിന് വഴങ്ങിയാണ് ഇത്തരമൊരു രാഷ്ട്രീയ മണ്ടത്തരം രാഹുലിന് ചെയ്യേണ്ടി വന്നതെന്നും രാജേഷ് അഭിപ്രായപ്പെട്ടു.
ശബരിമലപോലുള്ള വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മനസിലാക്കാൻ കഴിഞ്ഞു. ആറുമാസമായി തൊഴിലുറപ്പ് വേതനം നൽകാത്ത മോദിയും ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനുകൾ മാർച്ച് മാസത്തിൽ എത്തിച്ച പിണറായിയുമാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. ജനകീയ പ്രശ്‌നമൊന്നും ചർച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് ശബരിമല പോലെയുള്ള വൈകാരിക പ്രശ്‌നങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തിറങ്ങുന്നതെന്നും ഇതൊന്നും തിരെഞ്ഞടുപ്പിൽ പ്രതിഫലിക്കില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി. എം.പിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങളും ഇടപെടലുകളും നിരത്തിയാണ് ജനങ്ങൾക്കിടയിൽ വീണ്ടും ഇറങ്ങി ചെല്ലുന്നത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇനി സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യം വെച്ച് പ്രകടന പത്രിക തയ്യാറാക്കി ജനങ്ങളിൽ സമർപ്പിക്കും. ഭൂരിപക്ഷത്തെക്കുറിച്ച് ഒരു തിരെഞ്ഞടുപ്പ് സമയത്തും പ്രവചനത്തിന് മുതിർന്നിട്ടില്ല. ആദ്യതിരെഞ്ഞടുപ്പിൽ പാർട്ടി പ്രതീക്ഷിച്ചതിനേക്കൾ കുറഞ്ഞ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്. കഴിഞ്ഞതവണ പ്രതീക്ഷിച്ചതിനേക്കാൾ വൻഭൂരിപക്ഷവും. ഇത്തവണയും ഭൂരിപക്ഷത്തെക്കുറിച്ച് പറഞ്ഞ് അഹങ്കരിക്കുന്നില്ലെന്നും വിജയിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞകാല തിരെഞ്ഞടുപ്പിനേക്കാൾ ഇത്തവണ സംഘടനപരമായ യോജിപ്പും ഐക്യത്തോടെയുമാണ് പ്രചരണം നടത്തുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കുന്നില്ല. ആശയപരമായ പോരാട്ടത്തിനാണ് മുൻതുക്കം നൽകുന്നത്. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയുടെ തുക വിനിയോഗിക്കുന്നതിന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പാലക്കാട് നഗരസഭ പരാജയപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് വൈസ് ചെയർമാൻ കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി മറുപടി പറയണം. നഗരത്തിലെ മാലിന്യ പ്രശ്‌നവും നഗരസഭയുടെ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.