ചെർപ്പുളശേരി: നാട് കൊടും വരൾച്ചയെ അഭിമുഖീകരിക്കുമ്പോഴും വെറുതെ കുടിവെള്ളം പാഴാക്കികളയുകയാണ് ജല അതോറിട്ടി. നെല്ലായ, കുലുക്കല്ലൂർ ത്വരിത ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയാണ് ഈ ഭാഗങ്ങളിൽ വൻതോതിൽ കുടിവെള്ളം പാഴായിപ്പോകുന്നത്. കുലുക്കല്ലൂർ പഞ്ചായത്തിൽ പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന മുളയങ്കാവ് ,മപ്പാട്ടുകര , തത്തനം പുള്ളി, ചുണ്ടമ്പറ്റ, പുറമത്ര, പപ്പടപ്പടി ഭാഗങ്ങളിലും, നെല്ലായയിൽ ,പേങ്ങാട്ടിരി ,മാരായമംഗലം അരീക്കപ്പടി ഭാഗങ്ങളിലും വെള്ളം പൊട്ടി പോകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പല തവണ നാട്ടുകാരും ജനപ്രതിനിധികളും പ്രശ്‌നം ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

പൈപ്പ് പൊട്ടിയതു കാരണം പല ഭാഗങ്ങളിലും വെള്ളം കിട്ടാത്ത പ്രശ്‌നവുമുണ്ട്. ഇത് സംബന്ധിച്ച് ജല അതോറിട്ടി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രശ്‌നം ധരിപ്പിച്ചിരുന്നതായി കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കരീം പറഞ്ഞു.
കുലുക്കല്ലൂരിൽ ഈയിടെ റബ്ബറൈസ് ചെയ്ത് നവീകരിച്ച വല്ലപ്പുഴ റോഡിലും, നെല്ലായയിൽ മാവുണ്ടിരിക്കടവ് റോഡിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് റോഡിന്റെ തകർച്ചക്കും കാരണമാകുന്നുണ്ട്. കൃത്യമായി പദ്ധതിയുടെ മേൽനോട്ടവും , പരിപാലനവും നടത്താത്തതാണ് പൈപ്പ് തുടർച്ചയായി പൊട്ടാൻ കാരണമെന്നും നാട്ടുകാർ പറയുന്നു .വരൾച്ച രൂക്ഷമായതോടെ ജല വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ അധികൃതർ കൊണ്ടുവരുമ്പോഴാണ് കുലുക്കല്ലൂരിലും ,നെല്ലായയിലും ഈ അനാസ്ഥ. പദ്ധതിയുടെ കണക്ഷൻ പൂർണമാകാത്തതും പമ്പിംഗിന്റെ ശക്തിക്കനുസരിച്ച് ജല വിനിയോഗം നടക്കാത്തതും
പൈപ്പ് പൊട്ടുന്നതിന് കാരണമാകുന്നത്. എന്നാൽ വേനലിൽ ഇങ്ങനെ വെള്ളം പാഴായി പോകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.


ഫോട്ടോ: നെല്ലായ അരീക്കപ്പടിയിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു