പാലക്കാട്: ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എം.ബി.രാജേഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ബാലമുരളിക്ക് ഉച്ചയ്ക്ക് 12 നാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റുകളിലായി പ്രഭാകരൻ, ദിവാകരൻ, വി.കെ.ജയപ്രകാശ് എന്നിവർ പിന്താങ്ങി.

ഷൊർണൂർ മാമ്പറ്റയിൽ, കയിലിയാട് സ്വദേശിയായ എം.ബി.രാജേഷ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും നേടിയിട്ടുണ്ട്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന സമയത്ത് എം.ബി.രാജേഷിന്റെ കൈയിൽ 5000 രൂപയും ഭാര്യയുടെ കൈയിൽ 5000 രൂപയും അമ്മയുടെ കൈവശം 3000 രൂപയും അച്ഛന്റെ കൈവശം 2000 രൂപയും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എം.ബി.രാജേഷിന് 12 ലക്ഷം മതിപ്പു വിലയുള്ള കെ.എൽ.9.എ.ജെ 2015 മോഡൽ റനോൾട്ട് ഡസ്റ്റർ എസ്.യു.വി കാറും, ഭാര്യയ്ക്ക് 15000 രൂപയും 20000 രൂപയും മതിപ്പുവിലയുള്ള രണ്ടു ഇരുചക്ര വാഹനങ്ങളുമുണ്ട്. രാജേഷിന്റെ പേരിൽ കയിലിയാട് സർവീസ് സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായി ഫിക്‌സഡ് ഡെപ്പോസിറ്റ്, സേവിങ്‌സ്, മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളിലായി 30,79,234.75 രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 2625 രൂപയുടെ സ്റ്റേറ്റ് ബാങ്കിലെ നിക്ഷേപം ഭാര്യയുമായുള്ള ജോയിന്റ് അക്കൗണ്ടാണ്. എൽ.ഐ.സി, എസ്.ബി.ഐ ലൈഫ് യൂണിറ്റ് ലിങ്ക്ഡ്, പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷുറൻസ് എന്നിവയിലായി 811385 രൂപയുടെ പോളിസിയും എം.ബി രാജേഷിനുണ്ട്. ഇതിനു പുറമെ കാർ ലോൺ ഇനത്തിൽ 237706 രൂപയുടെയും ഭാര്യയുമായുള്ള ജോയിന്റ് അക്കൗണ്ടിൽ 56715 രൂപയുടെ ഭവനവായ്പയും അടക്കം 294421 രൂപയുടെ ബാധ്യതയും ഉണ്ട്.
ഭാര്യയുടെ പേരിൽ 3 ലക്ഷം വിലയുള്ള 120 ഗ്രാം സ്വർണ്ണം, മലയാളം കമ്മ്യൂണിക്കേഷൻസിൽ 100 രൂപയുടെ ഓഹരി, കൊടുമ്പ് വില്ലേജ് പരിധിയിൽ 15 സെന്റ് സ്ഥലം, 20 ലക്ഷം രൂപ മതിപ്പ് വിലയുള്ള 1950 സ്‌ക്വയർഫീറ്റ് വീട് എന്നിവയുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായി 295153.43 രൂപയുടെ നിക്ഷേപമുണ്ട്. ഇതിനു പുറമെ 826511രൂപയുടെ വിവിധ ഇൻഷുറൻസ് പോളിസികളുമുണ്ട്. മക്കളുടെ പേരിൽ 1 ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം സ്വർണ്ണവും അച്ഛന്റേയും അമ്മയുടെയും കൈവശമായി 6 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വർണ്ണവുമുണ്ട്. അച്ഛന്റെ പേരിൽ ചളവറ വില്ലേജിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 0.33 ഹെക്ടർ ഭൂമിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ചെർപ്പുളശ്ശേരി, കോതക്കുറിശ്ശി, ഷൊർണ്ണൂർ കോപ്പറേറ്റീവ് അർബൻ ബാങ്കുകളിലായി 897930 രൂപയുടെ നിക്ഷേപമുണ്ട്.