പാലക്കാട്: വിവാദ പരാമർശത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും ആലത്തൂർ ഡിവൈ.എസ്.പി കെ.കെ. ഗോപിനാഥനും പരാതി നൽകി.
സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹത്തിലുള്ള സ്വീകാര്യതയെ കളങ്കപ്പെടുത്തുന്ന രീതിയിൽ പൊതുജന മദ്ധ്യത്തിൽ പ്രസംഗിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും, പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമം, ജനപ്രാതിനിദ്ധ്യ നിയമം എന്നിവയനുസരിച്ചും മുൻ എം.പി കൂടിയായ വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് രമ്യ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പരാതി നൽകിയതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും രമ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട്ടും ശേഷം പൊന്നാനിയിലും ആവർത്തിച്ച പരാമർശം ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണ്. ഇടതു നേതാക്കളെ ഞാൻ ബഹുമാനിക്കുന്നു. സ്ത്രീ സുരക്ഷയും നവോത്ഥാന മതിലും പണിയുന്നവരിൽ നിന്നു തന്നെ ഇത്തരം അനുഭവമുണ്ടായതിൽ ഖേദമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ത്രീയെന്നോ സ്ഥാനാർത്ഥിയെന്നോ ഉള്ള പരിഗണന വിജയരാഘവനിൽ നിന്നുണ്ടായില്ലെന്നത് വേദനിപ്പിച്ചു. എനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് അദ്ദേഹം ഓർക്കണമായിരുന്നു. ഇടതു സ്ഥാനാർത്ഥി പി.കെ. ബിജുവിന്റെ പ്രതികരണത്തിൽ ഖേദം തോന്നിയെന്നും രമ്യ പറഞ്ഞു.
രാവിലെ മണ്ഡല പര്യടനത്തിന് ഇറങ്ങിയ രമ്യ മാദ്ധ്യമങ്ങളെ കണ്ട ശേഷം കോൺഗ്രസിന്റെ ജില്ലാ - സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് വൈകിട്ടാണ് പരാതി നൽകിയത്. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ രമ്യയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രചാരണ കാലത്ത് വീണുകിട്ടിയ വിവാദം സി.പി.എമ്മിനെതിരെ പരമാവധി ഉപയോഗിക്കാനാണ് യു.ഡി.എഫ് നീക്കം. അതേസമയം, തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം വിവാദങ്ങൾ എതിർ സ്ഥാനാർത്ഥിക്ക് മാദ്ധ്യമ, പൊതുജന ശ്രദ്ധ ലഭിക്കാനേ ഉപകരിക്കൂവെന്നാണ് ജില്ലയിലെ സി.പി.എം നേതാക്കളുടെ നിലപാട്.
"എനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ട്. പി.കെ. ബിജുവിന്റെ പ്രതികരണത്തിലും ഖേദം തോന്നി
-രമ്യ ഹരിദാസ്
'രമ്യ ഹരിദാസിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിജയരാഘവൻ വിശദീകരണം നൽകിയിട്ടുണ്ട്. ഞാൻ കണ്ട ദൃശ്യങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേരെടുത്തുള്ള പരാമർശം ഇല്ല. രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് പ്രസ്താവനയെ കോൺഗ്രസ് വളച്ചൊടിച്ച് വൈകാരിക വിഷയമാക്കുന്നത്. ഇനിയും രാഷ്ട്രീയം പറയാൻ തയ്യാറായില്ലെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടും."
പി.കെ. ബിജു, ആലത്തൂരിലെ
ഇടതു സ്ഥാനാർത്ഥി