വടക്കഞ്ചേരി: ദേശീയ പതാകയുമായി സൈക്കിളിൽ ഭാരത പര്യടനം നടത്തി ഇന്ത്യയുടെ ഗ്രാമങ്ങളിൽ സമാധാന സന്ദേശം എത്തിക്കാനുള്ള യജ്ഞത്തിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇരുപതുകാരൻ പ്രദീപ് റത്തൗരി. മൂന്ന് ദിവസം മുമ്പാണ് യാത്ര കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗിയും ജനങ്ങളുടെ സംസ്‌കാരവും നാടിന്റെ പുരോഗതിയും കാണുമ്പോൾ ഇത് സമാധാനത്തിന്റെ നാടാണെന്നു തന്നെയാണ് റത്തൗരി പറയുന്നത്.
ജനുവരി 21ന് ആരംഭിച്ച യാത്ര 73 ദിവസവും 6000 കിലോമീറ്ററും പിന്നിട്ടു. ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ദമൻ ദിയൂ, ദാദ്ര നഗർഹവേലി, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് കേരളത്തിലെത്തിയത്.
അത്തിപ്പൊറ്റ ചിക്കോടുള്ള ബാബു, റത്തൗരിയുടെ പരിചയക്കാരനാണ്. ഭാരത പര്യടനം കാവശ്ശേരി, അത്തിപ്പൊറ്റ വഴി എത്താൻ കാരണവും ഇതുതന്നെ. സുഹൃത്തിന്റെ വീട്ടിൽ അതിഥിയായി ഒരു ദിവസം താമസിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൗര സ്വീകരണവും നൽകി.
ഇനിയും 70 ദിവസവും 7000 കിലോമീറ്ററും കൂടി താണ്ടിയാലേ റത്തൗരിക്ക് യാത്ര അവസാനിപ്പിച്ച് വീട്ടിലെത്താനാകൂ. കന്യാകുമാരി, രാമേശ്വരം, പോണ്ടിച്ചേരി, ചെന്നൈ, അന്ധ്രപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാൽ എന്നിവടങ്ങളിലൂടെയാണ് ഇനിയുള്ള യാത്ര.
വലിയ ദേശീയ പതാക പാറിപ്പറക്കുന്ന സൈക്കിളും സമാധാന സന്ദേശം എഴുതിയ ബോർഡും കാണുന്നവർ കൗതുകത്തോടെ സംസാരിക്കാനെത്തും. അവരുമായി സംവദിച്ച് ആശയങ്ങൾ പങ്കുവെച്ച് സൗഹൃദം സ്ഥാപിച്ച് യാത്ര തുടരും. എല്ലായിടത്തും നല്ല പ്രതികരണം മാത്രമാണ് ഉണ്ടായതെന്ന് റത്തൗരി പറഞ്ഞു.