പാലക്കാട്: കേന്ദ്രസർക്കാർ നേരിട്ട് നൽകിയ പദ്ധതികളെല്ലാം വ്യക്തിപരമായ നേട്ടങ്ങളാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് പാലക്കാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പറഞ്ഞു. പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ഐ.ടി, പാസ്‌പോർട്ട് സേവാകേന്ദ്രം തുടങ്ങി നിരവധി പദ്ധതികൾ കേന്ദ്രസർക്കാറിന്റെ നേരിട്ടുള്ള പദ്ധതികളാണ്.
കഴിഞ്ഞ പത്ത് വർഷമായി എം.പിയെന്ന നിലയിൽ എടുത്ത് പറയാവുന്ന ഒരു പദ്ധതിപോലും നടപ്പാക്കാൻ രാജേഷിന് കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിൽ അട്ടപ്പാടി നവജാതശിശുക്കളെ കുറിച്ച് ബോധപൂർവം ഒഴിവാക്കി. ഈ സമയത്ത് ഏറ്റവും കൂടുതൽ ശിശുമരണം രേഖപ്പെടുത്തിയത് മറച്ച് വെക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചിക്കോട് കോച്ച്ഫാക്ടറി കൃത്യസമയത്ത് സ്ഥലം ഏറ്റെടുത്ത് നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകാത്തതാണ് മുടങ്ങാൻ കാരണം. ആ സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ കോച്ച് ഫാക്ടറിയെക്കുറിച്ച് കേന്ദ്രസർക്കാറിനെ പഴിചാരി രക്ഷപ്പെടാനാണ് എം..പി ശ്രമിക്കുന്നത്. കേന്ദ്രസർക്കാറിന്റെ 235 കോടിയുടെ അമൃതി പദ്ധതിയിൽ എല്ലാ പദ്ധതികളുടെയും ടെണ്ടർ പൂർത്തിയായി. 40 ശതമാനത്തോളം നിർമാണഘട്ടത്തിലാണ്. നിലവിൽ തിരെഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണ് തുടർപ്രവർത്തനങ്ങൾക്ക് തടസമായിരിക്കുന്നത്. നഗരസഭ മാലിന്യപ്രശനം 2011ൽ യു.ഡി.എഫ് ചെയർമാൻ പി.വി.രാജേഷും സി.പി.എം നിയന്ത്രണത്തിലുള്ള കൊടുമ്പ് പഞ്ചായത്തുമായി കൗൺസിൽ അംഗീകാരമുണ്ടാക്കിയ രഹസ്യകരാറായിരുന്നു. ഇതിനെകുറിച്ച് ബി.ജെ.പിക്ക് അറിയില്ല. നിലവിൽ കൊടുമ്പ് പഞ്ചായത്ത് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എം.പിയെന്ന നിലയിൽ ഒരു നീക്കവും രാജേഷ് നടത്തിയിട്ടില്ല.
ശബരിമല പ്രശ്‌നവും മോദി സർക്കാറിന്റെ അഞ്ച് വർഷക്കാലത്തെ വികസനനേട്ടവും ഉയർത്തിയാണ് തിരെഞ്ഞടുപ്പ് പ്രചരണം നടത്തുന്നത്. ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തവണ സി.പി.എമ്മുമായാണ് പ്രധാനമത്സരം. രണ്ടാം സ്ഥാനത്ത് വരുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും വിജയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സി.കൃഷ്ണകുമാർ കൂട്ടിചേർത്തു.