പാലക്കാട്: മണ്ഡലത്തിൽ കോൺഗ്രസ് നടപ്പാക്കിയതിന്റെ പത്തിലൊന്ന് വികസനം പോലും എം.ബി.രാജേഷിന് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ്.വിജയരാഘവൻ എം.പിയായിരുന്ന കാലത്താണ് ഇൻസ്ട്രുമെന്റേഷൻ, ടെലിഫോൺ ഇന്റസ്ട്രറീസ്,
എഫ്.സി.ആർ.ഐ തുടങ്ങിയ സ്ഥാപനങ്ങൾ കഞ്ചിക്കോട് സ്ഥാപിച്ചത്. ഇത്തരത്തിലൊരു സ്ഥാപനം ചൂണ്ടിക്കാട്ടാൻ കഴിയുമോയെന്ന് അദ്ദേഹം എം.ബി.രാജേഷിനോട് ചോദിച്ചു. ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് തന്റെ കഴിവുകൊണ്ടാണെന്നാണ് എം.പിയുടെ വാദം. എന്നാൽ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇത്തരത്തിൽ ആവശ്യം ഉന്നയിച്ചുവെങ്കിലും എം.ബി.രാജേഷ് ഇക്കാര്യത്തിൽ നിസംഗത കാണിക്കുകയായിരുന്നു. ഇപ്പോൾ, ഇടതുസർക്കാർ ഏറ്റെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും തുടർനടപടികളൊന്നുമായിട്ടില്ല. തൊഴിലാളികൾ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ ഭരണകാലത്ത് കോച്ച് ഫാക്ടറി അനുവദിച്ചെങ്കിലും വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ തടസപ്പെട്ടതാണ് പദ്ധതി യഥാർഥ്യമാകാത്തതിന്റെ പിന്നിൽ.

കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ശബരിമല പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞടുപ്പ് പ്രചരണം നടത്തുന്നത്. രാജ്യത്തിന്റെ നിലനിൽപിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരണമെന്നും ചൂണ്ടിക്കാണിച്ചുള്ള പ്രചരണത്തിന് ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഥാനാർഥിത്വത്തിന് മുമ്പ് ഡി.സി.സി പ്രസിഡന്റ് എന്നനിലയിൽ നടത്തിയ പദയാത്രയിൽ മണ്ഡലത്തിലെ ദുരിത പൂർണമായ ജനജീവിതമാണ് കാണാൻ കഴിഞ്ഞത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തെറ്റായ നിലപാടുകളാണ് ഇതിന് പിന്നിലെന്നും ഇതെല്ലാം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനൂകൂലമാകും. മണ്ഡലത്തിലെ എതിരാളികളെയെല്ലൊം ഒരു പോലെയാണ് കണക്കാക്കുന്നത്. കഴിഞ്ഞ തവണ കോച്ച് ഫാക്ടറിയുടെ പേരുപറഞ്ഞാണ് എം.ബി.രാജേഷിന് ഭൂരിപക്ഷം ലഭിച്ചതെങ്കിൽ ഇത്തവണ അത് ആവർത്തിക്കില്ലെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.