അഗളി: അട്ടപ്പാടിയിലെ സ്‌കൂളിൽ നിന്നുള്ള സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ പാസിംങ് ഔട്ട് പരേഡ് അഗളിയിൽ നടന്നു. അഗളി എ.എസ്.പി നവനീത് ശർമ്മ സല്യൂട്ട് സ്വീകരിച്ചു. അഗളി ജി.വി.എച്ച്.എസ്.എസ്, ഷോളയൂരിലെ ജി.ടി.എച്ച്.എസ്.എസ് എന്നീ സ്‌കൂളിലെ വിദ്യാർത്ഥികളാണ് പാസിംങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടി പ്രയത്‌നിക്കുമെന്നും ഉത്തരവാദിത്വബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഉത്തമ പൗരനായി ജീവിക്കുമെന്നും എസ്.പി.സി അംഗങ്ങൾ പ്രതിജ്ഞയെടുത്തു. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പാസിംങ് ഔട്ട് പരേഡിൽ ഷോളയൂർ സ്‌കൂളിലെ തതിക കമാണ്ടന്റും അഗളി സ്‌കൂളിലെ അഖിൽ കര്യാക്കോസ് സെക്കന്റ് ഇൻ കമാണ്ടന്റായി. നാല് യൂണിറ്റുകളിലെ കുട്ടികൾ അണിനിരന്ന പരേഡിൽ മികച്ച ഔട്ട് ഡോർ കേഡറ്റ്‌സുകളായി തതിക, പാഞ്ചൻ എന്നിവരെ തിരഞ്ഞെടുത്തു.