പാലക്കാട്: ജില്ലയിൽ ചൂട് 41 ഡിഗ്രിയിൽ തിളച്ചു മറിയുമ്പോൾ മനസും ശരീരവും തണുപ്പിക്കാൻ ആളുകളുടെ പരക്കംപാച്ചിലാണ്. പക്ഷേ, ഈ കാലവസ്ഥയിൽ നേട്ടം കൊയ്യുന്നത് സംസ്ഥാനത്തെ എ.സി വിപണിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ എ.സി വില്പനയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ ഏജൻസികൾ എല്ലാവരും പറയുന്നു.

ഏപ്രിൽ ആദ്യവാരം വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ മഴപെയ്തിട്ടില്ല. പകൽ സമയത്തെ കനത്ത ചൂടിൽ നിന്ന് അല്പം ആശ്വാസത്തിനായി ഇപ്പോൾ പലരും എ..സിയും ഫാനും എയർകൂളറും ഒക്കെ വാങ്ങുകയാണ്. സാധാരണക്കാരടക്കം എയർ കൂളർ വാങ്ങിവയ്ക്കുന്ന അവസ്ഥയിലാണ്.

നഗരത്തിലെ ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ എ.സി വിൽപന തകൃതിയാണ്. കൂടുതലും വ്യാപാര സ്ഥാപനങ്ങളാണ് ഓഡറുകൾ നൽകുന്നത്. അതോടൊപ്പം വീടുകളിലേക്കായി വാങ്ങുന്നവരും ഉണ്ട്. ഒരു ടൺ, ഒന്നര ടൺ, 2 ടൺ എന്നീ അളവുകളിലുള്ള എ.സിയാണ് കൂടുതൽ ചിലവാകുന്നത്. വേനൽ ചൂട് കനത്ത സാഹചര്യത്തിൽ സീസണിന്റെ തുടക്കത്തിൽ തന്നെ മികച്ച വില്പനയായിരുന്നു എന്ന് പട്ടാമ്പിയിലെ മേൽക്കോഗ്രൂപ് എം.ഡി സയ്ദ് പറഞ്ഞു. കഴിഞ്ഞ വേനലിൽ വിറ്റഴിച്ചതിനെക്കാൾ ഇരട്ടി എ..സി ആണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 4000 രൂപയുടെ വർധനയും പല കമ്പനികളുടെ എ..സിക്കും ഉണ്ടായിട്ടുണ്ട്. 10000 രൂപ മുതൽ മുപ്പതിനായിരം രൂപ വരെയാണ് ഇടത്തരം എ.സി യുടെ വില. പണക്കാരുടെ വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന എ..സി ഇപ്പോൾ വീടുകളിൽ അവശ്യവസ്തു ആയി മാറി എന്നതാണ് യാഥാർത്ഥ്യം. ഒരു ടൺ എസിക്കാണ് അവശ്യക്കാരേറെയും. വീടുകളിലെ റൂമുകൾക്കാവിശ്യവും ഇതുതന്നെയാണ്.