മണ്ണാർക്കാട്: കുന്തിപ്പുഴ ആറാട്ടുകടവിൽ കൈയേറ്റം ആരോപണമുയർന്ന പശ്ചാത്തലത്തിൽ പുഴയുടെ അതിർത്തി നിർണയം ഇന്ന് നടക്കും. രാവിലെ 11ന് താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തുക.
ആറാട്ടുകടവിൽ കാലങ്ങളായി പൊതുജനങ്ങൾ ഉപയോഗിക്കുന്ന നരിക്കുണ്ട് എന്നറിയപ്പെടുന്ന ഭാഗമാണ് സ്വകാര്യ വ്യക്തി കൈയേറിയത് എന്നാണ് നാട്ടുകാരുടെ പരാതി. ഇത് മണ്ണാർക്കാട് പൂരവുമായി ബന്ധപ്പെട്ട് വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ആറാട്ടുകടവിലെ കഞ്ഞിപ്പാർച്ചയുടെ മാത്രം പ്രശ്‌നമല്ലെന്നും നാടിന്റെ തന്നെ ജനകീയ പ്രശ്‌നമാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, ചിലർ ഇതിനെ പൂരാഘോഷ കമ്മിറ്റിയുടെ മാത്രം പരാതി എന്ന നിലയിൽ ചിത്രീകരിക്കുന്നത് ദുരൂഹമാണെന്നും കമ്മിറ്റിയിലുള്ളവർ ഈ നാട്ടുകാരുടെ പ്രതിനിധികളാണെന്നും കൈയേറ്റ പരാതി ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. എന്തുവില കൊടുത്തും കുന്തിപ്പുഴയെ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറയുന്നു. നഗരസഭ – റവന്യു - പൊലീസ് അധികൃതരുടെ മേൽനോട്ടത്തിലായിരിക്കും അതിർത്തി നിർണയം.