പാലക്കാട്: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്നടക്കും. രാവിലെ 11ന് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെയും ഉച്ചയ്ക്ക് രണ്ടിന് ആലത്തൂരിലെയും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. സമർപ്പിച്ച വിവരങ്ങൾ കൃത്യമാണെന്ന് സൂക്ഷ്മപരിശോധനയിലൂടെ ഉറപ്പുവരുത്തും. തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ പത്രിക തള്ളും. സ്വത്ത്, ബാധ്യത, യോഗ്യത, കേസുകൾ തുടങ്ങി സ്ഥാനാർത്ഥികൾ സമർപ്പിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ അത് പരിശോധിക്കും. ആരോപണങ്ങൾ തെറ്റാണെങ്കിൽ മതിയായ രേഖകളോടെ സ്ഥാനാർത്ഥിക്ക് അക്കാര്യം തെളിയിക്കാം. സൂക്ഷ്മ പരിശോധനയിൽ വസ്തുതകൾ പരിശോധിച്ച് അംഗീകൃത സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കും.