പാലക്കാട്: പൊതു തിരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട്‌ ലോക്സഭാ മണ്ഡലങ്ങളിലായി ആകെ 23 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പാലക്കാട് മണ്ഡലത്തിൽ 13 ഉം ആലത്തൂർ മണ്ഡലത്തിൽ 10 ഉം സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.
ജില്ലയിൽ ആദ്യ പത്രിക മാർച്ച് 30ന് ആലത്തൂർ മണ്ഡലം സി.പി.എം സ്ഥാനാർത്ഥി പി.കെ ബിജുവാണ് സമർപ്പിച്ചത്. സി.പി.എം ഡമ്മി സ്ഥാനാർഥിയായി വി.പൊന്നുകുട്ടനും പത്രിക സമർപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലായി ആലത്തൂർ മണ്ഡലത്തിൽ ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് സ്ഥാനാർഥി പി.കെ.രമ്യ, ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് ഡമ്മി സ്ഥാനാർഥി അജിത, ബി.ഡി.ജെ.എസ് സ്ഥാനാർഥി ടി.വി ബാബു, ബി.ഡി.ജെ.എസ് (ഡമ്മി) എ.കെലോജനൻ, ബഹുജൻ ദ്രാവിഡ പാർട്ടി സ്ഥാനാർഥി വി.കൃഷ്ണൻകുട്ടി, ബി.എസ്.പി സ്ഥാനാർഥി ജയൻ, സ്വതന്ത്ര്യ സ്ഥാനാർഥികളായ കെ.കെ വനജ, പി.കെ പ്രദീപ് കുമാർ എന്നിവർ നാമനിർദേശപത്രിക സമർപ്പിച്ചു.
പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ആദ്യ പത്രിക സമർപ്പിച്ചത് സി.പി.എം സ്ഥാനാർത്ഥി എം.ബി.രാജേഷാണ്. ഏപ്രിൽ രണ്ടിനാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. സി.പി.എം ഡമ്മി സ്ഥാനാർഥി സുഭാഷ് ചന്ദ്രബോസും ഇതേ ദിവസം പത്രിക സമർപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഡമ്മി സ്ഥാനാർഥി പി.വി രാജേഷ്, എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാർ, എൻ.ഡി.എ ഡമ്മി സ്ഥാനാർഥി സുകുമാരൻ, ബി.എസ്.പി സ്ഥാനാർത്ഥി ഹരി അരുമ്പിൽ, എസ്.ഡി.പി.ഐ സ്ഥാനാർഥി കെ. തുളസീധരൻ, എസ്.ഡി.പി.ഐ ഡമ്മി സ്ഥാനാർഥി എസ്.പി അമീർ അലി, സ്വതന്ത്ര സ്ഥാനാർഥികളായ ബാലകൃഷ്ണൻ, എം.രാജേഷ്, സി.ചന്ദ്രൻ, പി രാജേഷ് എന്നിവരും പത്രിക സമർപ്പിച്ചു.