പാലക്കാട്: ജില്ലയിൽ കിഴക്കൻമേഖല ഉൾപ്പെടെയുള്ള മിക്കയിടത്തും കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ദുരിതത്തിൽ. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുമെന്നറിയാതെ വിഷമിക്കുകയാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. എലപ്പുള്ളി പഞ്ചായത്തിൽ വേനലിന്റെ ആരംഭത്തിൽ തന്നെ കുടിവെള്ളം ക്ഷാമം നേരിട്ടിരുന്നു. നിലവിൽ താപനിലയിലുണ്ടാകുന്ന വർദ്ധനവും വേനൽമഴ ലഭിക്കാത്തതും സ്ഥിതി കൂടുതൽ മോശമാക്കി.
പഞ്ചായത്തിന്റെ കീഴിലുള്ള തേനാരി - തീർത്ഥംപാടം കുടിവെള്ള പദ്ധതിയിൽ വെള്ളം വറ്രിയത് പ്രദേശത്തെ ജലവിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയിട്ട് ആഴ്ചകളായെന്ന് നാട്ടുകാർ പറയുന്നു. എലപ്പുള്ളി കിഴക്കേത്തറ, വേങ്ങോടി, ജെങ്കൻത്തറ, കുന്നാച്ചി, പുഞ്ചക്കോട് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രതിസന്ധയിലായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിലവിൽ രണ്ടുദിവസത്തിൽ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്. അതും കഷ്ടിച്ച് ഒരു മണിക്കൂർ.
പഞ്ചായത്തിലെ രാമശ്ശേരി, പള്ളത്തേരി, വള്ളേക്കുളം, നോമ്പിക്കോട്, ഇരട്ടക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ പല കുടുംബങ്ങളും ലോറിയിലെത്തുന്ന വെള്ളം അമിത വിലകൊടുത്ത് വാങ്ങുകയാണ്. സമീപത്തുള്ള കിണറുകളെ ആശ്രയിച്ചിരുന്നെങ്കിലും വെള്ളം വറ്റിയതോടെ അതും നിലച്ചു. ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളു.
-തീർത്ഥംപാടം കുടിവെള്ള പദ്ധതിയിലെ ജലത്തിന്റെ തോത് കുറഞ്ഞതോടെ വെള്ളം ലഭിക്കുന്ന പലരും നിറവ്യത്യാസം കാരണം ഉപയോഗിക്കാൻ മടിക്കുന്നു. ബദൽസംവിധാനം കണ്ടെത്തിയാൽ മാത്രമേ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകൂ. കെ.കൃഷ്ണാർജ്ജുനൻ, പ്രദേശവാസി.
-41,000ത്തോളം ജനസംഖ്യയുള്ള പഞ്ചായത്തിലെ മുപ്പതിനായിരത്തോളം ജനങ്ങളും ആശ്രയിക്കുന്നത് തീർത്ഥംപാടം കുടിവെള്ള പദ്ധതിയാണ്. അതുകൊണ്ട് അതിന്റേതായ പരിമിതികൾ ഉണ്ടാകും. കുടിവെള്ളം പ്രശ്നം ഉന്നയിച്ച് നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ പരിഹാരം കാണും. തങ്കമണി, പഞ്ചായത്ത് പ്രസിഡന്റ്, എലപ്പുള്ളി.