photo
തകർച്ചാഭീഷണിയിലായ ഒറ്റപ്പാലത്തെ ബുക്ക് ഡിപ്പോ.

ഒറ്റപ്പാലം: വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ബുക്ക് ഡിപ്പോ അപകടഭീഷണിയിൽ. ആർ.എസ് റോഡിൽ ഡി.ഇ ഓഫീസ് കോമ്പൗണ്ടിലുള്ള കെട്ടിടമാണ് വർഷങ്ങളായി ഉപയോഗിക്കാത്തതിനെ തുടർന്ന് അപകടാവസ്ഥയിലായിരിക്കുന്നത്.
ഓടുകൾ പൊട്ടിയും പട്ടികകളും മറ്റും ചിതലരിച്ച അവസ്ഥയിലാണ്. തൊട്ടടുത്തുള്ള മരത്തിൽ നിന്ന് കൊമ്പൊടിഞ്ഞു വീണും ഇടക്കിടയ്ക്ക് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. ഒരുഭാഗത്ത് ഭിത്തികളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. മുമ്പ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങൾ ഇവിടെ നിന്നാണ് കൊണ്ടുപോയിരുന്നത്. പിന്നീട് ഷൊർണൂരിലെ സെന്റർ സ്റ്റോർ പ്രവർത്തനം തുടങ്ങിയതോടെ അങ്ങോട്ടുമാറി. സ്‌കൂളുകളും സൊസൈറ്റികളും പുസ്തകങ്ങൾ ഷൊർണൂരിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് ഈ ബുക്ക് ഡിപ്പോ പൂട്ടിയിടേണ്ടി വന്നത്.
രണ്ടുവർഷം മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെട്ടിടം പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് കത്തുനൽകിയിരുന്നു. തുടർന്ന് പരിശോധന നടത്തി പദ്ധതി രേഖയും തയ്യാറാക്കി. എന്നാൽ, 10.40 ലക്ഷം രൂപയുടെ പദ്ധതിക്ക് ഇതുവരെയായും ഭരണാനുമതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടം പുനരുദ്ധരിച്ചാൽ എജ്യുക്കേഷൻ കോംപ്ലക്‌സാക്കി മാറ്റി ഉപയോഗിക്കാനുള്ള പദ്ധതിയും വിദ്യാഭ്യാസ വകുപ്പിനുണ്ട്.