photo
കുന്തിപ്പുഴ

മണ്ണാർക്കാട്: നാടിന്റെ പ്രധാന ജലസ്രോതസായ കുന്തിപ്പുഴയെ നശിപ്പിക്കുന്നവർക്കെതിരായി സേവ് കുന്തിപ്പുഴ കാമ്പെയിൻ ശക്തമാകുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ കൈയേറ്റങ്ങൾ നടക്കുന്നതിനാൽ പലയിടങ്ങളിലും വീതിശോഷിച്ച് വരികയാണ്. കൂടാതെ വൻതോതിലുള്ള മണലെടുപ്പും മാലിന്യം തള്ളലും പതിവായിരിക്കുകയാണ്. ഇതിനെതിരായാണ് സേവ് കുന്തിപ്പുഴ എന്ന കാമ്പെയിൻ ആരഭിച്ചിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ കൂട്ടായ്മകളും സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും നാട്ടുകാരും ഒരുമിച്ച് ഇതിനു പിന്നിൽ അണിചേരണമെന്ന ആവശ്യം ശക്തമാകുകയാണ്.

ആറാട്ടുകടവിലെ കയ്യേറ്റാരോപണം: റവന്യൂ വകുപ്പ് അതിർത്തി നിർണയം നടത്തി

പുഴയുടെ ആറാട്ടുകടവ് ഭാഗത്ത് സ്വകാര്യ വ്യക്തി പുഴ കൈയേറിയെന്ന പരാതിയെതുടർന്ന് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ അളവെടുപ്പ് നടത്തി. പരാതി ഉന്നയിച്ച നാട്ടുകാരുടെയും സ്വകാര്യ വ്യക്തിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു അളവെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, സർവേകല്ലുകൾ കാണാനില്ലെന്നും സ്‌കെച്ച് പ്രകാരമുള്ള അളവെടുപ്പ് മാത്രമേ സാധ്യമുള്ളൂ എന്ന സർവേയറുടെ നിലപാടിൽ പ്രതിഷേധിച്ച് പരാതി ഉന്നയിച്ചവർ അളവെടുപ്പ് ബഹിഷ്‌കരിച്ചു. തുടർന്ന് ഇവരുടെ അസാന്നിദ്ധ്യത്തിൽ നടന്ന അളവെടുപ്പിൽ കൈയേറ്റമൊന്നും കണ്ടെത്താനായില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.

സർവേക്കല്ല് അടിസ്ഥാനമാക്കാതെയുള്ള അളവെടുപ്പ് അംഗീകരിക്കില്ലെന്നും തങ്ങളുടെ പരാതി നിലനിൽക്കുന്നതിനാൽ, ഇനി നഗരസഭയാണ് തീരുമാനമെടുക്കേണ്ടതെന്നും പരാതി നൽകിയ പൂരാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പുരുഷോത്തമൻ പറഞ്ഞു.