വില 13 രൂപയാക്കി നിശ്ചയിച്ച് ഓർഡിനൻസ് ഇറക്കുമെന്ന സർക്കാർ ഉറപ്പ് നടപ്പായില്ല

പാലക്കാട്; കടുത്ത വേനലിൽ കേരളം ദാഹിച്ചു വലയുമ്പോൾ കുപ്പിവെള്ളത്തിന് പൊള്ളുന്ന വില. അസോസയേഷനും സർക്കാരും വിലകുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപയാണ് ഈടാക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചേഴ്‌സ് അസോസയേഷൻ ഒരു വർഷംമുമ്പ് തീരുമാനിച്ചിരുന്നു. വില 13 രൂപയാക്കി നിശ്ചയിച്ച് ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാരും പറഞ്ഞു. പക്ഷേ, ഇതുവരെ ഈരണ്ട് ഉറപ്പും നടപ്പായില്ല.

സംസ്ഥാനത്ത് ഏറ്റവും അധികം കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലയാണ് പാലക്കാട്. കൂടാതെ ഭൂഗർഭ ജലത്തിന്റെ അളവ് ആശങ്കാജനകമായി താഴുന്നതായുള്ള റിപ്പോർട്ടും പ്രശ്നത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. ജില്ലയിൽ മാത്രം 23 ഓളം കുപ്പിവെള്ള കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. മലമ്പുഴയിൽ ഉൾപ്പെടെ അനധികൃതമായി പ്രവർത്തിക്കുന്നവ വേറെയും. വൻകിട കമ്പനികളെ സഹായിക്കാനാണ് വില കുറയ്ക്കാതെ ഇപ്പോഴും 2200 രൂപ നിരക്കിൽ കുപ്പിവെള്ളം വില്ക്കുന്നത്.

സാധാരണ എട്ടുരൂപ നിർമ്മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാൾ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു അസോസയേഷന്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാരിനെ സമീപിച്ചപ്പോൾ കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയിൽ ഉൾപ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓർഡിനൻസ് ഇറക്കുമെന്ന് പറഞ്ഞിരുന്നെകിലും തുടർ നടപടിയുണ്ടായില്ല. ഇപ്പോൾ സംസ്ഥാന വ്യാപകമായി സപ്ലൈക്കോ വഴി കുപ്പിവെള്ളം ലിറ്ററിന് 13 രൂപയിൽ വിൽക്കാൻ നടപടിയായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കൊച്ചിയിൽ ആരംഭിച്ച പദ്ധതി അധികം വൈകാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.