നടപടി വേണമെന്ന് കോൺഗ്രസ്
പാലക്കാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ വാഹന പ്രചാരണ ജാഥയ്ക്കിടെ ഇരുചക്ര വാഹനത്തിൽ വടിവാൾ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. കഴിഞ്ഞ ദിവസം പുലാപ്പറ്റ ഉമ്മനഴിയിൽ വച്ചാണ് സംഭവം. വാഹനങ്ങൾ തിരിയുന്നതിനിടെ മറിഞ്ഞ സ്കൂട്ടറിൽ നിന്ന് വടിവാൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ പ്രവർത്തകർ ജംഗ്ഷനിൽ വളഞ്ഞുനിൽക്കുകയും വാൾ മാറ്റുകയും ചെയ്തു. ഇത് പ്രദേശത്തെ സി.സി ടിവിയിൽ പതിഞ്ഞിരുന്നു. കൂടാതെ ജാഥ ചിത്രീകരിച്ചവരുടെ മൊബൈൽ ഫോണുകൾ വഴി സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കപ്പെട്ടു.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇതെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും.
അതേസമയം ബൈക്കിൽ നിന്നു വീണത് വടിവാളല്ലെന്നും കാർഷികാവശ്യത്തിനുള്ള കത്തിയാണെന്നുമാണ് സി.പി.എം ഭാഷ്യം. നേരത്തെ ഉമ്മനഴി, കോണിക്കഴി പ്രദേശങ്ങളിൽ രാഷ്ട്രീയ സംഘർഷമുണ്ടായിരുന്നു.