water-melon
പാലക്കാട് കോട്ടമൈതാനിക്ക് സമീപത്തെ തണ്ണിമത്തൻ വില്പന

പാലക്കാട്: വേനൽ കടുത്തതോടെ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്നു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന തണ്ണിമത്തന് വേനൽ വിപണിയിൽ ഡിമാൻഡ് കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു. നഗരത്തിൽ മാത്രം ദിവസേന ശരാശരി 500 കിലോയിലധികം തണ്ണിമത്തൻ ചെലവാകുന്നുണ്ടെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. തമിഴ്‌നാട്ടിലെ ഡിണ്ഡിക്കല്ലിലെ തോട്ടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ കൂടുതലും പാലക്കാട്ടെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. മൂന്നിനം തണ്ണിമത്തനാണ് വിപണിയിലുള്ളത്. സമാം എന്ന പേരിൽ മഞ്ഞനിറത്തിലുള്ളത്. ഇതിൽ സമാം ഇനത്തിനാണ് വില കൂടുതൽ. കിലോഗ്രാമിന് 50 രൂപവരെ വിലയുണ്ട്. ഇളംപച്ചനിറത്തിലുള്ള തണ്ണിമത്തനാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് 16 രൂപമുതൽ 20 രൂപവരെ വിലയുണ്ട്. മൂന്നുമുതൽ നാലുകിലോഗ്രാംവരെ തൂക്കമുള്ളവയാണ് ഇവ. ജ്യൂസിനും മറ്റും ജലാംശം കൂടുതലുള്ള ഈ ഇനമാണ് ഉപയോഗിച്ചുവരുന്നത്. കിരൺ ഇനത്തിന് കിലോഗ്രാമിന് 25 രൂപമുതൽ ലഭ്യമാണ്. വേനൽ കടുത്തതോടെ വഴിയോരത്ത് തണ്ണിമത്തൻ വില്പന സജീവമാണ്. വഴിയോര തണ്ണീർപ്പന്തലുകളിൽ തണ്ണിമത്തൻ ജ്യൂസിനും ആവശ്യക്കാരേറെയാണ്. ഒരു ഗ്ലാസിന് 10 രൂപ മുതൽ 15 രൂപവരെ ഈടാക്കുന്നുണ്ട്.