പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ അഞ്ചുകോടി രൂപ വിലമതിക്കുന്നതും മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ 2.75 കിലോ പൊപ്പിസ്‌ട്രോ കായകളുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗൺ സൗത്ത് പൊലീസും ചേർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തു. സേലം പെത്തനായ്ക്കൻ പാളയം സ്വദേശികളായ അരുൾ മണി (30), അരുൾ മോഹനൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന നമ്പരില്ലാത്ത ബൈക്കും കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ ആദ്യമായാണ് ഇത്രയും അളവിൽ പൊപ്പിസ്‌ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇത് മുഖ്യമായും കൃഷി ചെയ്യുന്നത്. ബ്രൗൺ ഷുഗർ, ഹെറോയിൻ, കറുപ്പ് ഉൾപ്പെടെ 26ൽ പരം വീര്യം കൂടിയ ലഹരിമരുന്നുകൾ ഇതുപയോഗിച്ച് നിർമ്മിക്കാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. അർബുദ രോഗികൾക്ക് നൽകുന്ന മോർഫിൻ തുടങ്ങിയ വേദന സംഹാരികളും ഇതിൽ നിന്ന് വേർതിരിച്ചെടുക്കാം. ഇന്ത്യയിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാർ നിയന്ത്രണത്തിലുള്ള തോട്ടങ്ങളിൽ മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്യുന്നുണ്ട്.
കാബൂളിൽ നിന്ന് രാജസ്ഥാൻ വഴിയാണ് അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. നിശാ ക്ലബുകൾ, ഡി.ജെ പാർട്ടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ലഹരി മരുന്ന് നിർമ്മിക്കുന്നതിനാണ് പൊപ്പിസ്‌ട്രോ കേരളത്തിലെത്തിക്കുന്നത്. കൊച്ചി, ആലപ്പുഴ, കുമരകം, കോവളം തുടങ്ങിയ സ്ഥലങ്ങളിലെ ബീച്ച് റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ ഇതിന്റെ കച്ചവടം നടത്തുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്. കേരളത്തിലെ ആദ്യത്തെ കേസാണിത്.
ജില്ലാ പൊലീസ് മേധാവി സാബുവിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരായ ബാബു കെ.തോമസ്, ജി.ഡി.വിജയകുമാർ, സി.ഐ പി.കെ.മനോജ് കുമാർ, എസ്.ഐമാരായ കെ.സതീഷ് കുമാർ, എസ്.ജലീൽ, ലഹരി വിരുദ്ധ സ്ക്വാഡിലെ ആർ.കിഷോർ, റഹിം മുത്തു, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.എൻ.ഷനോസ്, സി.സജീഷ്, എസ്.ഷമീർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.