photo
പോത്തുണ്ടി ഡാം.

നെന്മാറ: വെയിലിന്റെ കാഠിന്യത്താൽ ബാഷ്പീകരണത്തോത് ഉയരുകയും ജലവിതരണത്തിനുള്ള അളവ് മൂന്നിരട്ടി വർദ്ധിപ്പിക്കുകയും ചെയ്തതോടെ പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു.

പരന്നുകിടക്കുന്ന ജലം ചൂടേറ്റ് അധികമായി ബാഷ്പീകരിച്ച് പോകുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ദിവസേന പോത്തുണ്ടി ഡാം ശുദ്ധീകരണ ശാലയിലേക്ക് കൈമാറുന്ന ജലത്തിന്റെ അളവും കൂട്ടി. ഇതോടെ ജലനിരപ്പ് മുക്കാൽ അടി കുറഞ്ഞു. ഡാം അവസാനമായി അടച്ചപ്പോൾ 5.30 അടിയാണ് ജലനിരപ്പ് ഉണ്ടായിരുന്നത്. ഇന്നലത്തെ ജലനിരപ്പ് 4.75 അടിയാണ് രേഖപ്പെടുത്തിയത്.

പുതിയ ശുദ്ധീകരണ ശാലയിലേക്ക് ദിവസേന 125 ലക്ഷം ലിറ്റർ ജലമാണ് ഡാമിൽ നിന്നെടുക്കുന്നത്. മുമ്പ് 40 ലക്ഷം ലീറ്റർ മാത്രമാണ് എടുത്തിരുന്നത്. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്ത് പ്രദേശങ്ങളിലേക്കും ജലവിതരണം നടത്തേണ്ടതിനാൽ ജലനിരപ്പ് ഇനിയും കുറയാൻ ഇടവരും.

കുടിവെള്ള പദ്ധതിക്ക് പതിവായി നീക്കി വയ്‌ക്കേണ്ടിവരുന്നത് മൂന്നടി വെള്ളം മാത്രമാണ്. നിലവിൽ 125 ലക്ഷം ലിറ്റർ വീതമെടുത്താലും ഡാമിനെ കാര്യമായി ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതിനിടയിൽ വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. നല്ല ഒന്നോ രണ്ടോ വേനൽ മഴ ലഭിച്ചാൽ ബാഷ്പീകരണത്തോത് കുറയുകയും മേയ് അവസാനം വരെ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ കഴിയുമെന്നുമാണ് പ്രതീക്ഷ.