photo
ചിറ്റൂർ നഗരത്തിലൂടെ വൈക്കോൽ നിറച്ചു പോകുന്ന വാഹനം.

ചിറ്റൂർ: ജില്ലയിലെ രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് വൈക്കോൽ കയറ്റി പോകുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉണ്ടാക്കുന്നു. ഉൾപ്രദേശങ്ങളിൽ നിന്ന് നിത്യേന നിരവധി ട്രാക്ടറുകളിലും ടെമ്പോ, മിനിലോറികൾ തുടങ്ങിയ വാഹനങ്ങളിലാണ് ഇത്തരത്തിൽ വൈക്കോൽ കയറ്റി പോകുന്നത്.

വൈക്കോലിന് മുകളിൽ വേണ്ട രീതിയിൽ ടാർപോളിനോ മറ്റൊ ഉപയോഗിച്ച് മൂടിക്കെട്ടാതെ പോകുന്നതു മൂലം വൈക്കോൽ പൊടി കാറ്റത്ത് പറന്ന് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് സാധാരണമാണ്. കനത്ത വെയിലിൽ വിയർക്കുന്നതിനൊപ്പം വയ്ക്കോൽ പൊടി കൂടി പാറുന്നതോടെ ആളുകൾക്ക് ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്.

പലപ്പോഴും വൈക്കോൽ പൊടി പുറകെവരുന്ന വാഹനങ്ങളിലെ യാത്രികരുടെ കണ്ണിൽപ്പെട്ട് അപകട സാദ്ധ്യതയും ഉണ്ടാക്കുന്നു. നഗരത്തിലൂടെ പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലും ആളുകളുടെ കണ്ണിലും വൈക്കോൽ തുരുമ്പുകൾ പറന്നുവീഴുന്നുണ്ട്. കിഴക്കൻ മേഖലയിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് വൈക്കോൽ പ്രധാനമായും കൊണ്ടുപോകുന്നത്. വാഹനത്തിന്റെ ബോഡി ലെവലിൽ നിന്നും കൂടുതലായി രണ്ട് ഭാഗങ്ങളിലും മുകൾ ഭാഗത്തും വൈക്കോൽ കയറ്റി വാഹനം വരുന്നതിനാൽ റോഡ് ബ്ലോക്കാവുന്നതും പതിവ് കാഴ്ചയാണ്.