പാലക്കാട്: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി വനിതാസെല്ലിന്റെ നേതൃത്വത്തിൽ വനിതകൾക്ക് സ്വയംരക്ഷ പരിശീലനവും ബോധവത്കരണവും നടക്കുന്നുണ്ടെങ്കിലും പരാതികളുടെ എണ്ണത്തിന് കുറവൊന്നുമില്ല. ഈ വർഷം ഏപ്രിൽ എട്ടുവരെ വനിതാസെല്ലിൽ രജിസ്റ്റർ ചെയ്തത് 343 കേസുകളാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കൂടുതലും വിദ്യാർത്ഥികളും 30 വയസിന് താഴെയുള്ളവരുമാണ് പരാതിക്കാർ. ഓരോ മാസവും പരാതികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജില്ലയിലെ വിവിധ പഞ്ചായത്തുകൾ തോറുമാണ് പരിശീലനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം പൂക്കോട്ടുക്കാവ് പഞ്ചായത്ത് സമ്പൂർണ സ്ത്രീ സുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ കോളേജുകൾ, കോളനികൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവരെ കേന്ദ്രീകരിച്ച് ബോധവത്കരണങ്ങൾ നടക്കുന്നുണ്ട്.

പരാതികൾ മാസാടിസ്ഥാനത്തിൽ
.ജനുവരി- 82
.ഫെബ്രുവരി- 114
.മാർച്ച്- 118
.ഏപ്രിൽ എട്ടുവരെ- 29

* പരിശീലനവും ബോധവത്കരണവും ശക്തമായതോടെയാണ് പരാതികളുടെ എണ്ണവും കൂടാൻ തുടങ്ങിയത്. രജിസ്റ്റർ ചെയ്ത പരാതികളിൽ പരിഹരിക്കാൻ കഴിയാത്ത പത്തെണ്ണം അതാത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഒരു പരാതി രജിസ്റ്റർ ചെയ്താൽ 15 ദിവസത്തിനകം പരിഹരിക്കണമെന്നാണ് നിയമം. അത് കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കാറുണ്ട്. നിലവിൽ മാർച്ച് വരെയുള്ള പരാതികളെല്ലാം പരിഹരിച്ചു കഴിഞ്ഞു. ചില പരാതികൾ പരിഹരിച്ചു കഴിഞ്ഞാലും ഫോളോ അപ്പ് ചെയ്യാറുണ്ട്.

കെ.വി.മീനാകുമാരി, വനിതാസെൽ സി.ഐ, പാലക്കാട്