photo
കാളിക്കടവിൽ നിർമ്മിച്ച താൽകാലിക തടയണയിൽ കാഞ്ഞിരപ്പുഴ വെള്ളമെത്തിയപ്പോൾ.

ചെർപ്പുളശ്ശേരി: പ്രതീക്ഷിച്ച വേനൽമഴ കിട്ടിയില്ലെങ്കിലും കാഞ്ഞിരപ്പുഴ ഡാം തുറന്നതോടെ തൂതപ്പുഴയിലെ കാളിക്കടവ് തടയണയിലേക്ക് വെള്ളമെത്തിയതോടെ ചെർപ്പുളശ്ശേരിയിലെ ഏക കുടിവെള്ള പദ്ധതിക്ക് ആശ്വാസമായി. കാളിക്കടവിൽ താൽക്കാലിക തടയണ പണിതിട്ടും ഫലമില്ലാതെ കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് കാഞ്ഞിരപ്പുഴ വെള്ളമെത്തിയത്. ഇതോടെ തടയണ വീണ്ടും നിറസമൃദ്ധമായി.

ഇപ്പോൾ കാളിക്കടവിൽ നിന്ന് പമ്പിംഗ് സുഗമമായി നടക്കുന്നുണ്ട്. താൽകാലിക തടയണ ഒരു ഭാഗത്ത് പൊട്ടിയത് കാരണം വെള്ളം ഒഴുകി പോകുന്നുണ്ട്. അതേസമയം ഡാം തുറന്നുവിട്ടതുകൊണ്ടു മാത്രം വേനലിലെ പ്രതിസന്ധിക്ക് ആക്കമുണ്ടാകില്ലെന്നാണ് കരുതുന്നത്.

തടയണ ഇപ്പോൾ ജലസമൃദ്ധമാണെങ്കിലും മഴ കിട്ടിയില്ലെങ്കിൽ രണ്ടാഴ്ച കൊണ്ടുതന്നെ പുഴ പഴയ സ്ഥിതിയിലാവുമെന്ന് പമ്പിംഗ് ജീവനക്കാർ പറഞ്ഞു. നീരൊഴുക്ക് കാര്യമായി ഇല്ലാത്തതിനാൽ ജലവിതാനം പെട്ടന്ന് കുറയുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

നിലവിൽ കാളിക്കടവിലെ ശുദ്ധജല വിതരണ പദ്ധതിയെ മാത്രം ആശ്രയിച്ചാണ് ചെർപ്പുളശ്ശേരിയിലെ കുടിവെള്ള വിതരണം. വേനൽ അവസാനിക്കാൻ ഇനിയും രണ്ടുമാസം ഉണ്ടെന്നിരിക്കെ കാഞ്ഞിരപ്പുഴ വെള്ളത്തെ മാത്രം ആശ്രയിച്ച് എത്രനാൾ മുന്നോട്ടുപോകാനാകും എന്നത് കണ്ടറിയണം.