വടക്കഞ്ചേരി: കടുത്ത വേനൽച്ചൂടിനെ തുടർന്ന് നാട്ടിൻപുറങ്ങളിലെ കുളങ്ങളിൽ ചെറുമീനുകൾ ചത്തുപൊങ്ങുന്നത് വ്യാപകമാകുന്നു. ആലത്തൂർ താലൂക്കിലെ ഉൾപ്രദേശങ്ങളിലാണ് പ്രശ്നം കൂടുതൽ വ്യാപിച്ചിരിക്കുന്നത്.
ചെറുതും വലുതുമായ വിവിധയിനം മീനുകൾ വളരുന്ന കുളങ്ങളിൽ ചെറിയ മീനുകൾ മാത്രമാണ് ചാകുന്നത്. പല്ലാവൂർ, തേങ്കുറിശി, ചേരാമംഗലം, കാട്ടുശേരി, ആറാപ്പുഴ, തെന്നിലാപുരം, അത്തിപ്പൊറ്റ തുടങ്ങിയ പ്രദേശങ്ങളിലെ കുളങ്ങളിലും മീനുകൾ കൂട്ടമായി ചത്തുപൊങ്ങിയിരുന്നു.
ഒരേക്കറെങ്കിലും വിസ്തൃതിയും ഭേദപ്പെട്ട ജലശേഖരവുമുള്ള കുളങ്ങളിൽ വളർത്തുന്ന മീനുകളും സ്വാഭാവികമായി വളരുന്നവുയുമുണ്ട്. തീറ്റകൊടുത്ത് മീൻ വളർത്തുന്ന കുളങ്ങളിൽ ഈ പ്രശ്നം കുറവാണ്. വേനൽ കടുത്തതോടെ കുളിക്കാനും തുണി കഴുകാനും കുളങ്ങളെ ആശ്രയിക്കുന്നവർ ഏറെയാണ്. എന്നാൽ ചത്ത മീനുകൾ അഴുകി ദുർഗന്ധം ഉണ്ടാകുന്നതിനാൽ പലയിടത്തും കുളം ഉപയോഗിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനൊപ്പം കുളങ്ങളിലെ അടിത്തട്ടിലും ചൂട് ക്രമാതീതമായി കൂടുന്നുണ്ട്. കൂടാതെ കുളങ്ങളിലെ ജലനിരപ്പ് താഴുന്നതും സോപ്പും എണ്ണയും പായലും കലർന്ന് പാടപോലെ മുകളിൽ കെട്ടി നിൽക്കുന്നതിനാൽ ഓക്സിജന്റെ അളവ് കുറയുന്നതും മീനുകളുടെ നിലനില്പിനെ ബാധിക്കുന്നു. മീനുകൾക്ക് ഭക്ഷണം കിട്ടുന്നതിൽ കുറവും വന്നിട്ടുണ്ട്.
നീരൊഴുക്ക് ഉള്ളതും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതുമായ കുളങ്ങളിൽ ഈ പ്രശ്നം കുറവായിരിക്കും. ചിലയിടങ്ങളിൽ മീൻ പിടിത്തക്കാർ വിഷം കലർന്ന വസ്തുക്കൾ വെള്ളത്തിൽ കലക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
- ഫിഷറീസ് വകുപ്പ് അധികൃതർ