പാലക്കാട്: വിഷുവിപണി ഉണർന്നു, പഴം - പച്ചക്കറി, പടക്ക വിപണിയിൽ തിരക്കേറി. വിഷു അടുത്തതോടെ ഈ മാസം തുടക്കത്തിൽ തന്നെ പച്ചക്കറി വിപണിയിൽ ഉണർവ് പ്രകടമായിരുന്നു. കൂടാതെ ചൂടും ക്രമാതീതമായി വദ്ധിച്ചതിനാൽ പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഇതുതന്നെയാണ് വിപണിയിൽ വിലയുയരാൻ കാരണം.

കണിവെള്ളരിക്കും ചെറുനാരങ്ങയ്ക്കുമാണ് ഏറെ ഡിമാന്റ്. പച്ച വെള്ളരി കിലോ 20 രൂപയും പഴുത്തത് 35 രൂപയുമാണ് വില. ചെറുനാരങ്ങ കിലോയ്ക്ക് 120 രൂപയാണ് വില. കഴിഞ്ഞ ആഴ്ച ചെറുനാരങ്ങയ്ക്ക് 80 രൂപയായിരുന്നു വില. കണിവയ്ക്കാൻ ഉപയോഗിക്കുന്ന മൈസൂർ മത്തനും ആവശ്യക്കാർ ഏറെയാണ്. ഇതിന് കിലോ 40 രൂപയാണ് വില.

* പഴങ്ങളുടെ വില (കിലോയിൽ)

.മുന്തിരി (വെള്ള)- 80

.കറുപ്പ്- 100

.ആപ്പിൾ- 160

.ഓറഞ്ച് (ചെറുത്)- 50

.വലുത്- 70

.മാതളം- 100

.സപ്പോട്ട- 60

.മാമ്പഴം- 70

* പച്ചക്കറി വില (കിലോയിൽ)

.കുമ്പളം- 20

.മത്തൻ- 25

.സവാള-17

.ചെറിയ ഉള്ളി- 35

.ഉരുളക്കിഴങ്ങ്- 26

.തക്കാളി- 35

.ക്യാരറ്റ്- 45

.ബീട്ട്റൂട്ട്-40

.ചേന- 25

.മുരങ്ങക്കായ- 30

.പടവലം- 30

.വഴുതിന- 30

* ലാത്തിരി പൂത്തിരി മത്താപ്പ്

ഫാൻസി ബട്ടർഫ്ലൈ പടക്കം, മൾട്ടി കളർ പൂത്തിരി, മാലപ്പടക്കം തുടങ്ങിയ പുതുമയാർന്ന പടങ്ങളാണ് ഇത്തവണ വിപണി കീഴടക്കിയിരിക്കുന്നത്. ഫാൻസി ബട്ടർഫ്ലൈ ഒന്നിന് ഏഴു രൂപ. ബോക്സിന് 70 രൂപയും. പൂത്തിരികൾ 30 മുതലുണ്ട്. 520 രൂപയുടെ മൾട്ടി കളർ തന്നെയാണ് താരങ്ങളാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയായതോടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ സ്വീകരണത്തിനായി നിരവധി മാലപടക്കങ്ങളാണ് വിറ്റുപോകുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. 300 രൂപയുടെ 1000 എണ്ണം വരുന്ന മാലപ്പടക്കം മുതൽ 3500 രൂപ വിലയുള്ള 10,000 എണ്ണം വരുന്ന മാലപ്പടക്കങ്ങൾ വരെയുണ്ട്. എന്നാൽ 1000 എണ്ണമുള്ള മാലപ്പടക്കങ്ങൾക്കാണ് കൂടുതൽ ഡിമാന്റ്. ഇവകൂടാതെ കമ്പിത്തിരിക്ക് 75-100 രൂപയും മത്താപ്പിന് 40-80 രൂപയുമാണ് വില. ഫാൻസി മത്താപ്പിന് രണ്ടു മുതൽ 160 രൂപവിലയുണ്ട്.

സൺഷൈൻ, സ്റ്റാൻഡേർഡ്, സ്വാതി, അയ്യപ്പൻ, വിൻ തുടങ്ങിയ കമ്പനികളുടെ പടങ്ങളാണ് വിപണിയിലെ താരങ്ങൾ. ശിവകാശിയിൽ നിന്നുള്ള പടക്കങ്ങളാണ് ഏറെയും. അപകടകരമല്ലാത്ത ചൈനീസ് പടക്കങ്ങളും ഒട്ടും പുറകിലല്ല. ചെെനീസ് ഷോട്ടാണ് ഇവയിലെ താരം. 12 ഷോട്ടിന് 150 രൂപയാണ് വില. ഏറ്റവും കൂടിയത് 120 ഷോട്ടാണ്. ഇതിന് 1400 രൂപയാണ് വില. 30 ഷോട്ടോ (450), 60 ഷോട്ട് (700), 100 ഷോട്ട് (1200) എന്നിങ്ങനെയാണ് വില. ആവശ്യക്കാർ ഏറെയും 100, 120 ചൈനീസ് ഷോട്ടുകൾക്കാണ്. നഗരത്തിലെ വലിയങ്ങാടിയിലാണ് പടക്കവിപണി പൊടിപൊടിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ മാറ്റമില്ലെന്നും നാളെയും, ഞായഴാഴ്ചയും വിപണിയിൽ നല്ല തിരക്ക് അനുഭവപ്പെടുമെന്ന് വ്യാപാരി സനിൽ പറഞ്ഞു.