പാലക്കാട്: വിഷുവിന് രണ്ടുനാൾ മാത്രം അവശേഷിക്കേ നഗരത്തിലെ മാലിന്യപ്രശ്‌നത്തിൽ പരിഹാരം കാണാതെ അധികൃതർ. ഇതോടെ നഗരത്തിലെ മുക്കിലും മൂലയിലും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. റോഡോരങ്ങൾ, ബസ് സ്റ്റാന്റുകളുടെ പരിസരം, അഴുക്കുചാലുകൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ചാക്കിൽ കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.

വലിയങ്ങാടിയിലെ സ്ഥിതിയാണ് വളരെ മോശം. കടകൾക്ക് മുന്നിൽ തന്നെയാണ് മാസങ്ങളായുള്ള മാലിന്യം കുന്നുകൂടി കിടക്കുന്നത്. വിഷു എത്തിയതോടെ മാർക്കറ്റിൽ ജനത്തിരക്കും വർദ്ധിച്ചിട്ടുണ്ട്. പക്ഷേ, മൂക്കുപൊത്തിവേണം ഇതുവഴി കടന്നുപോകാൻ. ചീഞ്ഞ പച്ചകറികളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കാരണം വ്യാപാരികളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. കൂടാതെ ഈച്ചയുടെ ശല്യവും പെരുകിയിരിക്കുകയാണ്.

ഒന്നര മാസത്തിലേറെയായി നഗരത്തിലെ മാലിന്യം നീക്കം നിലച്ചിട്ട്. ഫെബ്രുവരി 19ന് കൊടുമ്പിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് മാലിന്യനീക്കം നിലച്ചത്. കൊടുമ്പ് പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന ഗ്രൗണ്ടിലേക്ക് ഇനി നഗരത്തിലെ മാലിന്യം കൊണ്ടുവരുവാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് നഗരസഭയെ അറിയിച്ചതോടെ സ്ഥിതിഗതികൾ വഷളായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ വിഷയത്തിൽ അവസാന ചർച്ച നടന്നത്. എന്നാൽ അതും പരാജയപ്പെടുകയായിരുന്നു. വിഷയത്തിൽ ഇനിയെപ്പോൾ പരിഹാരം ഉണ്ടാകുമെന്ന കാര്യത്തിൽ അധികൃതർക്കും ഉത്തരമില്ല.


നഗരത്തിൽ മുഴുവൻ കുമിഞ്ഞുകൂടിയ മാലിന്യങ്ങളെല്ലാം ഒരു വേനൽമഴ പെയ്താൽ കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകിയെത്തും. ഇത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കും. അടിയന്തരമായി മാലിന്യം നീക്കം ചെയ്യണമെന്നതാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. പക്ഷേ, ഇതെല്ലാം എവിടെ സംസ്കരിക്കും എന്നതാണ് നഗരസഭയെ കുഴയ്ക്കുന്ന ചോദ്യം.

ചിത്രം, പാലക്കാട് വലിയങ്ങാടി മാർക്കറ്റിലെ കടകൾക്ക് മുന്നിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം.