അഗളി: അട്ടപ്പാടിയിൽ നിന്ന് കള്ളത്തോക്കുമായി മൂന്നുപേരെ വനംവകുപ്പ് പിടികൂടി. കള്ളക്കര സ്വദേശി സുക്രി (മുരുകൻ 30), പുളിയപ്പതി സ്വദേശി ഭദ്രൻ (60), സെൽവപുരം സ്വദേശി മാണിക്യൻ (48) എന്നിവരാണ് പിടിയിലായത്.

പുളിയപ്പതി ഭാഗത്തുവച്ചാണ് ചന്ദനമോഷണക്കേസിലെ പ്രതിയായിരുന്ന സുക്രിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് തോക്ക് കൈവശമുള്ള വിവരമറിഞ്ഞത്. ഭദ്രന്റെ കൈവശം തോക്ക് നൽകിയെന്ന് സുക്രി പറഞ്ഞതനുസരിച്ച് ഭദ്രനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാണിക്യന് പങ്കുള്ളവിവരം അറിഞ്ഞത്. സെൽവപുരത്തുള്ള മാണിക്യന്റെ വീട്ടിൽനിന്നാണ് തോക്ക് കണ്ടെടുത്തത്.

ഷോളയൂർ ഡെപ്യൂട്ടി റേയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി.എ.സതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ബിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.എസ്.സുനിഷ്, എസ്.മധു, എസ്.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.