ചെർപ്പുളശ്ശേരി: മുളയൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം വിശേഷാൽ പൂജകളോടെയും വൈവിധ്യമാർന്ന പരിപാടികളോടുകൂടിയും നാളെ ആഘോഷിക്കും. രാവിലെ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കാര്യസിദ്ധിപൂജ എന്നിവ നടക്കും. തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 10 മണിക്ക് ചേരുന്ന സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മറ്റി ചെയർമാൻ വളളൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.സന്തോഷ് അധ്യക്ഷത വഹിക്കും.
ദേവസ്വം ഏർപ്പെടുത്തിയ മുളയൻകാവിലമ്മ സംഗീത പുരസ്‌കാരം സംഗീതജ്ഞൻ ഡോ. വെള്ളിനേഴി സുബ്രഹ്മണ്യന് ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാട് സമർപ്പിക്കും. ക്ഷേത്രാനുഷ്ഠാന പരിപാലകരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് മഹാപ്രസാദ ഊട്ട് , വൈകന്നേരം നിറമാല, സർവ്വൈശ്വര്യപൂജ, സഹസ്രദീപ സമർപ്പണം, 7.30 ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കളി രാത്രി 8 ന് കളരി പ്രദർശനും എന്നിവയും അരങ്ങേറും.