ചിറ്റൂർ: ആചാരാനുഷ്ഠാനങ്ങളിലൂന്നി മധുരാനുഭൂതികൾക്ക് സാക്ഷ്യം വഹിച്ച് നല്ലേപ്പിള്ളി ചുണങ്ങി ഭഗവതി ക്ഷേത്രത്തിലെ കൂത്തുത്സവത്തിന് സമാപനമായി. മാർച്ച് 22 ന് വൈകീട്ട് 5ന് കൂത്തു കുറിക്കൽ ചടങ്ങോടെ തുടക്കം കുറിച്ച ഉത്സവം മൂന്ന് ആഴ്ചയോളം നീണ്ടുനിന്നു.
പുരാതനമായി കൂത്തുത്സവത്തിന്റെ ഭാഗമായി ഭഗവതിക്ഷേത്രത്തോടനുബന്ധിച്ച് നടത്തി വരുന്ന പാവക്കൂത്ത് ഉത്സവത്തിലെഒരു പ്രധാന ഇനമാണ്.ഇന്നലെ രാവിലെ 6ന് ഭഗവതിക്ക് അഭിഷേകം തുടർന്ന് 8.30 മുതൽ 10.30 വരെ തിമില പ്രമാണികോങ്ങാട് മധുവും മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവനും നയിച്ച മേജർ പഞ്ചവാദ്യം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് നാദസ്വര കച്ചേരി നടന്നു. വൈകീട്ട് നാലിന് വേട്ടയ്‌ക്കൊരു മകൻ കാവിൽ നിന്നും ആന, പഞ്ചവാദ്യം, നാദസ്വരം, മലയ വാദ്യം, പൂക്കാവടിയാട്ടം, തട്ടിൻമേൽ കൂത്ത്, വണ്ടി വേഷങ്ങൾ എന്നിവയോടു കൂടിയ പകൽവേല കൂത്ത് ചിറയിൽ സമാപിച്ചു. തുടർന്ന് രാത്രി 11ന് കൂത്ത് മാടം കേറി. ഇന്ന് പുലർച്ചെ 4.30 ന് ശ്രീരാമ പട്ടാഭിഷേകം ചടങ്ങോടെ ഈ വർഷത്തെ കൂത്ത് ഉത്സവത്തിന് സമാപനമായി.