പാലക്കാട്: കാർ തട്ടിയെടുക്കാൻ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 302 വകുപ്പു പ്രകാരമാണ് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. കാർ കവർച്ച ചെയ്യാൻ ശ്രമിച്ചതിന് 397 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കിൽ നാലു വർഷം അധിക തടവ് അനുഭവിക്കണം.
പല്ലശ്ശന മഠത്തിൽകളം കൊല്ലംപൊറ്റ അഭിലാഷ് (28), കൊല്ലങ്കോട് മേച്ചേനി അച്ചനാംകോട് വിനേഷ് (30) എന്നിവരെയാണ് പാലക്കാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.പി. ഇന്ദിര ശിക്ഷിച്ചത്. 2010 ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സന്തോഷ് പുതുതായി വാങ്ങിയ കാർ തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ പ്രതികൾ പാലാരിവട്ടത്തുനിന്ന് പാലക്കാട്ടേക്ക് ഓട്ടം വിളിക്കുകയായിരുന്നു. കൊടുമ്പ് പേഴംപള്ളത്തെത്തിപ്പോൾ രണ്ടാംപ്രതിയായ വിനേഷ് സന്തോഷിന്റെ മുഖത്ത് ടവ്വൽ ചുറ്റി പിൻസീറ്റിലേക്ക് പിടിക്കുകയും ഒന്നാംപ്രതി അഭിലാഷ് വാൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കരിങ്കരപ്പുള്ളി കാക്കത്തറ പാലത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ച് കാറുമായി കടക്കുന്നതിനിടെ ടൗൺ സൗത്ത് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ലക്ഷ്മണനും സിവിൽ പൊലീസ് ഓഫീസർ കൃഷ്ണദാസും ചേർന്ന് പിടികൂടുകയായിരുന്നു. സിഐ മുഹമ്മദ് കാസിമാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കെ. കയനാട്ട് ഹാജരായി.