ചെർപ്പുളശ്ശേരി: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷ് ശബരിമല മുൻ മേൽശാന്തി ടി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിച്ചു. ഇന്നലെ രാവിലെയാണ് അദ്ദേഹം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. അൽപ്പനേരം വിശേഷങ്ങൾ പങ്കുവച്ച രാജേഷ് ശബരിമല വിഷയമൊന്നും സംസാരിച്ചില്ല.

എം.ബി.രാജേഷിനെ പൊന്നാടയണിയിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി അയ്യപ്പൻകാവിലെ പ്രസാദവും വിഷുക്കൈനീട്ടമായി നാണയങ്ങളും നൽകി. തിരിച്ച് വിഷുക്കൈനീട്ടം നൽകിയാൽ അത് ചട്ടലംഘനമാകുമെന്ന് തമാശയായി എം.ബി.രാജേഷും പറഞ്ഞു. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാരുമായും സ്ഥാനാർത്ഥി സംസാരിച്ചു.
ശബരിമല വിഷയവുമായി തന്റെ സന്ദർശനത്തിന് യാതൊരു ബന്ധവും ഇല്ലെന്നും സുഹൃത്തെന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കാണാൻ വന്നതെന്നും രാജേഷ് പറഞ്ഞു. എന്നാൽ, ബി.ജെ.പി ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തി കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഒരു വിധത്തിലും ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മറ്റൊരു വിഷയവും ഇല്ലാത്തതു കൊണ്ടാണ് അവരത് ഉയർത്തി കൊണ്ടുവരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

സന്ദർശനത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ പഴയ പോലെ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ഉണ്ണികൃഷ്ണൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ്, ലോക്കൽ സെക്രട്ടറി കെ.നന്ദകുമാർ ,നേതാക്കളായ എം.സിജു ,ഹംസ കാറൽമണ്ണ എന്നിവരും എം.ബി. രാജേഷിനൊപ്പം ഉണ്ടായിരുന്നു.

ഫോട്ടോ: എം.ബി.രാജേഷിന് ഉണ്ണിക്കൃഷ്ൻ നമ്പൂതിരി വിഷുക്കൈനീട്ടവും , പ്രസാദവും നൽകുന്നു.