ആലത്തൂർ: നഗരത്തിലെ മെയിൻ റോഡിൽ സംഗീത ജ്വല്ലറി ഉടമ ബാലകൃഷ്ണ(67)നെ രാത്രി കടയടച്ച് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പാലക്കാട് നൂറണി സ്വദേശി റിജാസിനെയാണ് (27) ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്.

സംഭവശേഷം റിജാസ് ഒളിവിലായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. നേരത്തേ ഈ കേസിൽ മുഖ്യ സൂത്രധാരൻ ആലത്തൂർ വാനൂർ വെള്ളക്കുന്നം വീട്ടിൽ അനൂപ്(28), എറണാകുളം ഞാറക്കൽ ചെറുപുള്ളി മരട് പ്രവീൺ (22), വടക്കാഞ്ചേരി സ്വദേശി റിയാസ്, പ്രധാനകണ്ണി കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തലവൻ ഭായ് നസീറിന്റെ പ്രധാന കൂട്ടാളി എറണാകുളം ഞാറക്കൽ ചക്കാലക്കൽ പ്രവീൺ(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പത്തിലധികം വരുന്ന സംഘത്തിലെ മുഴുവൻ പേരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിരുന്നു. മാർച്ച് 13ന് രാത്രി 8.45 ഓടെ പന്നിക്കോടിൽ നിന്ന് 150 മീറ്റർ അകലെ കാഞ്ഞിരംകുളമ്പിലെ ഒഴിഞ്ഞ സ്ഥലത്തുവച് കാറിലെത്തിയ നാലംഗ മുഖമൂടി സംഘം ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുക്കുകയായിരുന്നു. കടയുടെ താക്കോൽ കൂട്ടവും തിരിച്ചറിയൽ കാർഡും സൂക്ഷിച്ച പേഴ്‌സ് ഉൾപ്പെടെയുള്ള ബാഗാണ് നഷ്ടപ്പെട്ടത്. സാധാരണ ബാലകൃഷ്ണൻ ബസ്സിലാണ് വീട്ടിലേക്ക് പോകുന്നത്. അന്ന് ബസ്സില്ലാത്തതിനാലാണ് ഓട്ടോയിൽ പോയത്. കാറിലെത്തി യവർ ഓട്ടോയ്ക്ക് കുറുകെ കാർ നിർത്തി തടഞ്ഞ് ബാലകൃഷ്ണനെ മർദ്ദിച്ച് ബാഗ് തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
തൃശൂരിലെ വാടക കാർ ഡ്രൈവർ, പാലക്കാട് സംഘത്തിലെ മൂന്ന് പേർ, ആലത്തൂരിലെ മറ്റ് രണ്ടു പേർ, എറണാകുളത്തെ രണ്ട് പേർ എന്നിവരുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. എറണാകുളം ക്വട്ടേഷൻ സംഘം ഒരു കാറിലും, പാലക്കാട് സംഘം മറ്റൊരു കാറിലും ഒരു ബൈക്കിലുമായാണ് ഓട്ടോറിക്ഷയെ പിന്തുടർന്നത്. ആലത്തൂർ ഡി.വൈ.എസ്.പി. ഗോപാലകൃഷ്ണന്റ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ.പ്രഭാകരൻ, സി.പി.ഒ പ്രജീഷ് , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്,രാജിദ് കബീർ, വിനീഷ്, സൂരജ് ബാബു, അജീഷ്, ഷമീർ എന്നിവരാണ് പിടികൂടിയത്.