പാലക്കാട് : കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനോട് കനിവുതോന്നി രക്ഷിക്കാനിറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു.
ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊപ്പം വെട്ടിക്കാട് കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടിയാണ് (30) പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃത്താല കൊപ്പത്ത് രാവിലെ ഒമ്പതോടെയാണ് സംഭവം.
സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ അണ്ണാനെ രക്ഷിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മോട്ടോറിന്റെ കയറിൽ തൂങ്ങി ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് ബോധംകെട്ടു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനാണ് അയൽവാസിയായ സഹോദരങ്ങളായ സുരേന്ദ്രനും കൃഷ്ണൻകുട്ടിയും ഇറങ്ങിയത്. ഒമ്പതടി താഴ്‌ചയുള്ള കിണറിന്റെ താഴെയെത്തിയപ്പോൾ ഇവർക്കും ബോധക്ഷയമുണ്ടായി.
തുടർന്ന് നാട്ടുകാർ ഓടിയെത്തി മൂന്നുപേരെയും കരയ്ക്കെത്തിച്ചെങ്കിലും സുരേഷും സുരേന്ദ്രനും മരിച്ചു. കൃഷ്ണൻകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സുരേഷ് തിരുവനന്തപുരം ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ്. സൗമ്യയാണ് ഭാര്യ. സുരേന്ദ്രന്റെ ഭാര്യ : സംഗീത. ഏക മകൾ : അനയ.