പാലക്കാട്: പുലർച്ചെ നാല് മണിക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ പാലക്കാട് നഗരത്തിലെ മത്സ്യ മാർക്കറ്റിലെത്തി. സ്ഥാനാർത്ഥിയെ മാർക്കറ്റിലെ തൊഴിലാളികൾ നിറ കയ്യടികളുമായാണ് സ്വീകരിച്ചത്. സ്ഥാനാർത്ഥി എല്ലാ തൊഴിലാളികളോടും വോട്ടഭ്യർത്ഥന നടത്തി. സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുക്കാനും സന്തോഷം പങ്കിടാനും തൊഴിലാളികൾ തിരക്ക് കൂട്ടി. ഒരു മണിക്കൂറോളം മാർക്കറ്റിൽ ചെലവഴിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
പിന്നീട് കോങ്ങാട് നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. കോങ്ങാട് വാഴേമ്പുറത്ത് നിന്നായിരുന്നു ഇന്നലത്തെ പര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ 33 പ്രദേശങ്ങളിലും സ്ഥാനാർത്ഥിയെ യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആവേശത്തോടെയാണ് സ്വീകരിച്ചത്. കോങ്ങാട് പാറശേരിയിലാണ് പര്യടനം സമാപിച്ചത്.