മണ്ണാർക്കാട്: മേഖലയിൽ മൂന്ന് പോളിംഗ് ബൂത്തുകൾ മവോയിസ്റ്റ് ഭീഷണിയിൽ. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പുഞ്ചോല, ഇരുമ്പകച്ചോല, കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ ബൂത്തുകളാണ് മവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിൻജസ് റിപ്പോർട്ട്. മവോയിസ്റ്റ് സാന്നിധ്യമുള്ള മണ്ണാർക്കാട് സർക്കിൾ പരിധിയിലെ പോളിംഗ് ബൂത്തുകളാണിവ. വോട്ടിംഗ് നടക്കുന്നതിന്റെ ഭാഗമായി ഈ ബൂത്തുകളിൽ അതീവ സുരക്ഷ ഒരുക്കുമെന്ന് പൊലീസ് പറഞ്ഞു.
സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള സന്നാഹം പ്രദേശത്ത് കാവൽ നിൽക്കും. ഇതിന് പുറമെ താലൂക്കിൽ പ്രശ്‌ന ബാധിത ബൂത്തുകളുണ്ട്. കുമരംപുത്തൂരിലെ പള്ളിക്കുന്ന്, കാഞ്ഞിരപ്പുഴ കല്ലാംകുഴി, ചങ്ങലീരി, ചേറുകുളംം, കുന്തിപ്പുഴ, കച്ചേരിപറമ്പ്, കുളപ്പാടം എന്നിവയാണിവ. അമ്പലപാറയിൽ പോളിംഗ് ബൂത്ത് സമീപത്ത് ഏതാനും മീറ്ററുകൾക്ക് അപ്പുറമാണ് മവോയിസ്റ്റും പൊലീസും വെടിവെപ്പ് നടന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണാർക്കാട് താലൂക്ക് പരിധിയിലെ മൂന്ന് പൊലീസ് സ്‌റ്റേഷനുകൾ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കും. മണ്ണാർക്കാട് സി.ഐ.ഫർഷാദിന്റെ നേതൃത്വത്തിലാണ് കനത്ത സുരക്ഷ ഒരുക്കുന്നത്.