പാലക്കാട്: അമിത വേഗതിയിൽ ഓടുന്ന വാഹനങ്ങളെ പിടികൂടുന്നതിന് വാളയാർ - വടഞ്ചേരി ദേശീയ പാതയിൽ സ്ഥാപിച്ച കാമറകൾ നോക്കുകുത്തിയായി. ഒന്നര വർഷത്തിലേറെയായി വടഞ്ചേരി മുതൽ വാളയാർ വരെയുള്ള ദേശീയപാതയിൽ കാമറകൾ സ്ഥാപിച്ചിട്ട്. സ്ഥിരമായി അപകടം നടക്കുന്നതായി കണക്കാക്കുന്ന 15ഓളം ബ്ലാക്ക് സ്‌പോട്ടുകളാണ് ഈ പാതയിലുള്ളത്. കാമറകൾ സ്ഥാപിച്ചിട്ടും കണ്ണാടി കാഴ്ചപ്പറമ്പ് ഭാഗത്തൊന്നും അപകടങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല. കാമറ ടു ക്യാമറ മോഷൻ ഡിറ്റക്ടർ സംവിധാനത്തോടുകൂടിയ കാമറകൾ ഒരു ഭാഗത്ത് നിന്ന് തൊട്ടടുത്ത കാമറ വരെ എത്തുന്ന ശരാശരി സമയം കണക്കാക്കിയാണ് അമിതവേഗം പരിശോധിക്കുക. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പതിയുന്നതോടെ രജിസ്‌ട്രേഷൻ നമ്പറടക്കമുള്ള എല്ലാ വിവരങ്ങളും സംവിധാനവും ലഭ്യമാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം കാമറകൾ സ്ഥാപിക്കുന്നത്. വാളയാർ - വടഞ്ചേരി പാതയിൽ കെൽട്രോണിന്റെ സഹായത്തോടെ 22 സ്ഥലങ്ങളിലായി 39 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ രണ്ട് കിലോമീറ്ററിലും കാമറയുണ്ടെങ്കിലും കാര്യമില്ലാത്ത നിലയാണ്.. വാളയാർവടഞ്ചേരി പാതയിൽ സ്ഥാപിച്ച കാമറകൾ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യുടെ കീഴിലാണ്. ഇതിനായുള്ള കൺട്രോൾ റൂം ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ കണക്ടിവിറ്റി ശരിയാക്കിയാൽ ഉടൻ ക്യാമറകൾ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ വ്യക്തമാക്കി.