drugs
ചെർപ്പുളശ്ശേരിയിൽ നിന്ന് പിടികൂടിയ ഹാൻസ്

ചെർപ്പുളശ്ശേരി: രഹസ്യ വിവരത്തെ തുടർന്ന് ചെർപ്പുളശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വല്ലപ്പുഴ റഹ്മത്തങ്ങാടിയിൽ നിന്നും വീട്ടിൽ ചാക്കുകളിലാക്കി സൂക്ഷിച്ച ഹാൻസിന്റെ വൻ ശേഖരം പിടികൂടി. 50 കിലോ വരുന്ന 12 ചാക്കുകളിലായി സൂക്ഷിച്ച 600 കിലോ ഹാൻസാണ് പിടികൂടിയത്. പൊതുമാർക്കറ്റിൽ ഇതിന് ഏഴു ലക്ഷത്തിലധികം രൂപവരും. ഹാൻസ് വിറ്റുകിട്ടിയതെന്ന് സംശയിക്കുന്ന 230000 രൂപയും വീട്ടിൽ നിന്നും കണ്ടെടുത്തു.

വീട്ടുടമയായ കാവാല പറമ്പിൽ മുഹമ്മദലിയെ (42) എക്‌സൈസ് സംഘം അറസ്റ്റുചെയ്ത് പിഴയടപ്പിച്ചു. വിവിധ കടകളിൽ രഹസ്യവിൽപ്പനക്കായി എത്തിച്ചതാണ് ഹാൻസെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീധരൻ പറഞ്ഞു. വൻ റാക്കറ്റു തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായാണ് വിവരം. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹാരിഷ് , പ്രിവന്റീവ് ഓഫീസർമാരായ യൂനസ് , സജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർ രജീഷ്, ഷഹീർ അലി, അഹമ്മദ് സുധീർ, സത്താർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.