ഷൊർണൂർ: തൃശൂർ - പാലക്കാട് സംസ്ഥാന പാതയിൽ കൊച്ചിൻ പാലത്തിന് സമീപം ജല അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കിയശേഷം കുഴിയടച്ച സ്ഥലം മാസങ്ങളായിട്ടും ടാർ ചെയ്യാതെ കിടക്കുന്നത് അപകടക്കെണിയാകുന്നു. സംസ്ഥാന പാതയിൽ നിന്ന് ഗണേഷ് ഗിരി ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ് പോകുന്നുണ്ട്. റോഡ് ടാർ ചെയ്യാത്ത്തിനാൽ സ്ഥല പരിമിതി കാരണം പാലം കടന്നുവരുന്ന വാഹനങ്ങൾ പോക്കറ്റ് റോഡിലേക്ക് പോകുന്ന വാഹനങ്ങളുമായി കൂട്ടി ഉരസൽ പതിവാകുകയാണ്. പൈപ്പ് ലൈൻ പൊട്ടിയ ഭാഗം വളച്ച് കെട്ടി റോഡിന്റെ നടുവിൽ ഗതാഗതം മുടക്കിയതിനാൽ തെറ്റായ ദിശയിലൂടെ വാഹനങ്ങൾ കടന്നു വരാനിടയാക്കുന്നതാണ് അപകടക്കെണിയാവുന്നത്. തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ ബസുകളും ചെറുവാഹനങ്ങളും മാത്രമല്ല അമിതഭാരം കയറ്റിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. രണ്ട് മാസമായി ഈ സ്ഥതി തുടരുന്നു. ബന്ധപ്പെട്ട അധികൃതരോട് പരാതി പറഞ്ഞിട്ടും ഇതുവരെയായി യാതൊരു നടപടിയും എടുത്തിട്ടില്ല.