ചെർപ്പുളശ്ശേരി: വ്യാഴാഴ്ച വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും പലയിടത്തായി വ്യാപക നാശനഷ്ടം. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. മഠത്തിപറമ്പിൽ അലിയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന ആറുമാസം പ്രായമായ കൈകുഞ്ഞ് അടക്കം അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വീട്ടിലെ ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചെർപ്പുളശ്ശേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി തഹസിൽദാർക്ക് നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കി. പി.കെ.ശശി എം.എൽ.എയും വീട് സന്ദർശിച്ചു. കുടുംബത്തിന് വന്ന നാശനഷ്ടങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് എം.എൽ.എ ഉറപ്പു നൽകി. എം.എൽ.എ യോടൊപ്പം സി.പി.എം ലോക്കൽ സെക്രട്ടറി കെ.നന്ദകുമാർ, അഡ്വക്കേറ്റ് ജയൻ, മണ്ണുപറമ്പിൽ മോഹനൻ, ശ്രീകുമാരൻ, കൗൺസിലർമാരായ മിനി, അനിത എന്നിവരും വീട് സന്ദർശിച്ചു.