ഒറ്റപ്പാലം: റോഡരികിലെ മാലിന്യംതള്ളൽ നിരീക്ഷിക്കാൻ ഒറ്റപ്പാലം നഗരസഭയിലെ വിവിധയിടങ്ങളിൽ കാമറ സ്ഥാപിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സ്ഥിരമായി എട്ടിടങ്ങളിലാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. പാലക്കാട് - കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം മരിയമ്മൻകോവിലിന് സമീപം, സ്വകാര്യ ആശുപത്രി പരിസരം, വേങ്ങേരി അമ്പലം, മായന്നൂർപ്പാലം, എൻ.എസ്.എസ് കോളേജ് പരിസരം, പാലപ്പുറം, പത്തൊമ്പതാം മൈൽ എന്നിവിടങ്ങളിലും ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര കുടുംബകോടതിക്ക് സമീപവുമാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രി കേരള ലിമിറ്റഡാണ് (സിൽക്ക്) 15 ലക്ഷം രൂപയ്ക്ക് പദ്ധതി എറ്റെടുത്ത് ആദ്യഘട്ടം പൂർത്തിയാക്കിയത്. അയൽ പഞ്ചായത്തുകളിൽ നിന്നെത്തി ഒറ്റപ്പാലത്തെ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്നാണ് ഇത്തരത്തിൽ കാമറകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നത്. അടുത്തയാഴ്ചയോടെ കാമറ കണ്ണുകൾ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
വൈ ഫൈ സംവിധാനം വഴി പ്രധാന ഓഫീസുകളെ ബന്ധിപ്പിക്കാവുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭാധ്യക്ഷൻ, സെക്രട്ടറി, നഗരസഭയിലെ ടി.വി, ആരോഗ്യ വിഭാഗം ഓഫീസ് എന്നിവിടങ്ങളിൽ കാമറകളിലെ ദൃശ്യങ്ങൾ കാണാനാവും. രണ്ടാം ഘട്ടത്തിൽ ഏഴെണ്ണം കൂടി സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കാമറയിൽ വ്യക്തമായാൽ പിഴയീടാക്കും. 10,000രൂപവരെ പിഴയീടാക്കാൻ ആരോഗ്യവിഭാഗത്തിന് അധികാരമുണ്ട്. ഒപ്പം പൊലീസ് മുഖാന്തരം നിയമനടപടിയും
സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനാംഗങ്ങളെ എല്പിക്കണമെന്നും അവർ അറിയിച്ചു.