പാലക്കാട്: പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ഐക്യത്തെ കോൺഗ്രസ് തകർക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുന്നത് വ്യക്തതയില്ലാത്ത രാഷ്ട്രീയത്തിന്റെ സന്ദേശമാണ്. പ്രതിപക്ഷ ഐക്യമില്ലായ്മ ബി.ജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് വോട്ടുകൾ പാഴാക്കലാകുമെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന ചരിത്രം പരിശോധിച്ചാൽ ശരിയല്ലെന്നറിയാം. 2004ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ സർവേകളും നാലു സീറ്റാണ് പ്രവചിച്ചത്. വോട്ടെടുപ്പു നടന്നപ്പോൾ മികച്ച വിജയമാണ് എൽ.ഡി.എഫിനുണ്ടായത്. 2004നേക്കാൽ മികച്ച വിജയം എൽ.ഡി.എഫിന് ഇത്തവണ ഉണ്ടാകുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ബി.ജെ.പി വിരുദ്ദ വോട്ടുകൾ ഭന്നിക്കാതിരിക്കാനാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. എന്നാൽ, കോൺഗ്രസിന്റെ ദേശിയ നേതൃത്വം അതിനനുസരിച്ചു ഉണർന്നു പ്രവർത്തിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾ സഖ്യത്തിലായാണ് മത്സരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ ചില പാർട്ടികളുമായും ഇടതുപക്ഷം സഖ്യത്തിലുണ്ടെന്നും കാനം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ശക്തമായ മതേതര സർക്കാർ ഉണ്ടാകും. ഒന്നാം യു.പി.എ സർക്കാർ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപം കൊടുത്തതായിരുന്നു. നരേന്ദ്രമോദി പുറത്തായാൽ ഭരണ രംഗത്ത് ഒരു വിധത്തിലുമുള്ള ശൂന്യത ഉണ്ടാകില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. നരേന്ദ്രമോദിയെ പുറത്താക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം പാർലിമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.