പാലക്കാട്: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഇടിമിന്നലോടെയുള്ള മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. ഇന്ന് ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും സാദ്ധ്യത ഉള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി എട്ടുവരെയാണ് മിന്നൽ ഏറ്റവും അനുഭവപ്പെടുന്നത്. ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 40 - 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിലെ വിവിധയിടങ്ങളിൽ വൈകിട്ടോടെ ഇടിയോടുകൂടി മഴ പെയ്തു. ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. നഗരത്തിലും കോങ്ങാട്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലുമാണ് അതിശക്തമായ കാറ്റ് വീശിയത്. ഒറ്റപ്പാലത്തെ അമ്പലപ്പാറയിൽ ഏക്കറുകണക്കിന് വാഴക്കൃഷി നശിച്ചു. കൂടാതെ ഭരതപ്പുഴയോരത്തെ കൃഷിക്കും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും വീടുകളും തകർന്നിട്ടുണ്ട്. ജില്ലയിൽ വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ തകർന്നതിൽ കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനം രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നും ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പിൽ പറയുന്നു.
* മിന്നലാഘാതം: പ്രഥമ ശുശ്രൂഷ വൈകരുത്
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുയോ കഴ്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ നിമിഷങ്ങളാണ്.