പാലക്കാട്: വ്യാഴാഴ്ച 40.8 ഡിഗ്രി ചൂട് അനുഭവപ്പെട്ട ജില്ലയിൽ ഇന്നലെ താപനില 38 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പെയ്ത വേനൽമഴയാണ് ചൂടിന് അൽപം ആശ്വാസമേകിയത്. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 38 ഡിഗ്രിയാണ്. ഒരു ദിവസം കൊണ്ട് രണ്ടു ഡിഗ്രിയിലധികം ചൂടാണ് കുറഞ്ഞത്. കുറഞ്ഞ താപനില 24 ഡിഗ്രിയും ആർദ്രത 48 ശതമാനവും രേഖപ്പെടുത്തി. വ്യാഴാഴ്ച 40 ഡിഗ്രിയായിരുന്നു മുണ്ടൂരിലെ താപനില. മലമ്പുഴയിൽ 37.2 ഡിഗ്രിയാണ് ഉയർന്ന ചൂട്. കുറഞ്ഞ ചൂട് 23.4 ഡിഗ്രിയും ആർദ്രത 48 ശതമാനവും രേഖപ്പെടുത്തി.
ഇന്നലെയും നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്തു. മുണ്ടൂരിൽ 29.4 മില്ലി മീറ്റർ മഴ പെയ്തു. മലമ്പുഴ ഭാഗത്ത് വ്യാഴാഴ്ച 46.6 മില്ലി മീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വിവിധ പ്രദേശങ്ങളിൽ കൃഷിക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി. വരും ദിവസങ്ങളിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലിനെ സൂക്ഷിക്കണമെന്നുള്ള ജാഗ്രതാ നിർദേശങ്ങൾ നവമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.