പാലക്കാട്: 16 എൽ.എസ്.ഡി സ്റ്റാമ്പും അഞ്ചുഗ്രാം ഹാഷിഷ് ഓയിലുമായി കളമശ്ശേരി സ്വദേശി പ്രബോധ് (21)നെ പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും പിടികൂടി. വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ആഢംബര ബൈക്കിൽ ലഹരിവസ്തു കടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഒമ്പത് എൽ.എസ്.ഡി സ്റ്റാമ്പുമായി അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നാണ് ബാംഗ്ലൂരിൽ നിന്നും ആഢംബര ബൈക്കിൽ അടിവസ്ത്രത്തിൽ ലഹരി വസ്തുക്കൾ കടത്തുന്ന വിവരം അസി. എക്‌സൈസ് കമ്മിഷണർ വി.രാജാസിംഗിന് ലഭിച്ചത്. തുടർന്ന് ലഹരി കടത്ത് തടയാൻ ആരംഭിച്ച 'ഓപ്പറേഷൻ ഹോളിഡേ' യുർെ ഭാഗമായി പരിശോധന നടത്തുകയായിരുന്നു. അടി വസ്ത്രത്തിൽ പ്രത്യേക അറ നിർമ്മിച്ചാണ് എൽ.എസ്.ഡിയും ഹാഷിഷ് ഓയിലും സൂക്ഷിച്ചിരുന്നത്. എക്സൈസിന്റെയും പൊലീസിന്റെയും വാഹന പരിശോധനയിൽ നിന്നും രക്ഷപെടാൻ വേണ്ടി ഇറ്റാലിയിൽ നിർമ്മിത ആഢംബര ബൈക്കാണ് പ്രതി ഉപയോഗിച്ചിരുന്നത്.

കാലിഫോർണിയ '9' എന്ന അറിയപ്പെടുന്ന ഒരു സ്റ്റാമ്പിൽ 360 മൈക്രാഗ്രാം ലൈസർജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. 36 മണിക്കൂർ വരെയാണ് വീര്യം. ഈ സ്റ്റാമ്പ് 100 മില്ലിഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ 20 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.

ഈസ്റ്ററിനോട് അനുബന്ധിച്ച് എറണാകുളത്തേക്ക് വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. ബെൽജിയത്തിൽ നിന്നുള്ള ഒരു ഓൺലൈൻ സൈറ്റിൽ നിന്നാണ് ഈ മയക്കുമരുന്ന് ലഭിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് എത്തുന്ന ഈ മയക്കുമരുന്ന് കടത്തിന് പിന്നിലെ 23 കാരനായ മലയാളിയെക്കുറിച്ച് സൂചന ലഭിച്ചതായി അധികൃതർ പറഞ്ഞു. പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടർ എം.രാകേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രാജീവ്, പ്രിവന്റീവ് ഓഫീസർ എ.കെ.സുമേഷ്, സി.ജയചന്ദ്രൻ ,മനോജ് ഏഴുമുറി സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ.എസ്.സുരേഷ് ,കെ.പുഷ്‌ക്കരൻ, ഷിനോജ്.കെ, പ്രതാപ സിംഹൻ, വിനു, ശ്രികുമാർ, സ്മിത ,ലിസ്സി മുണ്ടൂർ ശെൽവകുമാർ പ്ലാക്കൽ എന്നിവർ പങ്കെടുത്തു.