ഷൊർണൂർ: ഭാരതപ്പുഴയുടെ തീരത്തോടുചേർന്ന് 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചിൻ പാലത്തിനടിയിലൂടെ ശാന്തിതീരം ശ്മശാനത്തേക്ക് പോകുന്ന റോഡിനരികിൽ കരയിലും വെള്ളത്തിലുമായി കിടക്കുന്ന രീതിയിലാണ് ഇന്നലെ രാവിലെ മുതദേഹം കണ്ടത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ചുവന്ന നിക്കറും റോസ് കളർ ഷർട്ടുമാണ് ധരിച്ചിരുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
രാവിലെ മുതൽ രാത്രി പത്തുമണി വരെ ആൾ സഞ്ചാരമുള്ള ഈ റോഡിന്റെ അരികിൽ വ്യാഴാഴ്ച വരെ ഇങ്ങനെയൊരു മൃതദേഹം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പെട്ടെന്ന് ശ്രദ്ധയിൽ പെടാവുന്ന സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. ഇതിൽ ദുരൂഹത തോന്നുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ മൃതദേഹം പുഴയിലൂടെ ഒഴുകി എത്തിയതാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഒരാഴ്ച മുമ്പ് മലമ്പുഴയിൽ നിന്ന് ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കിയിരുന്നു. മലമ്പുഴ ഡാം അടച്ചെങ്കിലും പുഴയിൽ ഇപ്പോഴും നേരിയ ഒഴുക്കുണ്ട്. ഇന്നലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.