പാലക്കാട്: വാശിയേറിയ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്കു കൂട്ടലുകളുടെ തിരക്കിലാണ് മൂന്ന് മുന്നണികളും, ഇതിനിടെയിൽ നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാൻ ആർക്കും താത്പര്യമില്ല. രണ്ട് മാസത്തിലധികമായി നഗരത്തിലെ മാലിന്യം നീക്കം നിലച്ചിട്ട്. ഇതോടെ നഗരം മുഴുവൻ മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്.
കൂടാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചുമരകളിലും മറ്റും പതിപ്പിച്ചിരുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ, ഫ്ളക്സ് എന്നിവ പലഭാഗത്തും നാശമായി കിടക്കുകയാണ്. വേനൽമഴ നഗരത്തിൽ ഇടവിട്ട് പെയ്യുന്നത് ചൂടിന് ആശ്വാസമായെങ്കിലും മാലിന്യം കാരണം പകർച്ചവ്യാധിയുടെ പിടിയിലാകുമെന്ന ഭീതിയിലാണ് ജനം.
നഗരത്തിലെ മുക്കിലും മൂലയിലും കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങൾ മഴയിൽ കുടിവെള്ള സ്രോതസുകളിലേക്കാണ് ഒഴുകിയെത്തുന്നത്. കാലവർഷം തുടങ്ങുന്നതിന് മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പ്രശ്‌നം കൂടുതൽ മോശമാകും. മാലിന്യം ഉടൻ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പലസംഘടകളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത്രയും മാലിന്യം എവിടെ സംസാകരിക്കുമെന്നാണ് നഗരസഭാധികൃതർ ചോദിക്കുന്നത്.
* പ്രശ്‌നത്തിന്റെ തുടക്കം
ഫെബ്രുവരി 19ന് കൊടുമ്പിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് മാലിന്യനീക്കം നിലച്ചത്. കൊടുമ്പ് പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന ഗ്രൗണ്ടിലേക്ക് നഗരത്തിലെ മാലിന്യം കൊണ്ടുവരുവാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് നഗരസഭയെ അറിയിച്ചതോടെ നഗരം മാലിന്യകൂമ്പാരമായത്. ഇതേതുടർന്ന് വിഷയത്തിൽ പലതവണ കൗൺസിൽ യോഗങ്ങൾ, മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ ചർച്ച എന്നിവ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
* സഹികെട്ട് വഴിയാത്രക്കാർ
ബസ് സ്റ്റാന്റുകളുടെ പരിസരം, റോഡോരങ്ങൾ, അഴുക്കുചാലുകൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം രണ്ടുമാസത്തിലധികമുള്ള മാലിന്യത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കാരണം വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. മഴ പെയ്തതോടെ ബസ് സ്റ്റാന്റുകളിലും പരിസരത്തും യാത്രക്കാർക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അഴുക്കുചാലുകളിൽ മാലിന്യം നിറഞ്ഞിരിക്കുന്നതിനാൽ മഴ പെയ്യുമ്പോൾ റോഡിലേക്കാണ് മലിനജലം ഒഴുകുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.