പാലക്കാട്: നഗരം മാലിന്യമയമായിരിക്കുന്ന സാഹചര്യത്തിൽ വേനൽമഴയെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള കോളറ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, എലപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജനം ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടവിട്ട് പെയ്യുന്ന മഴമൂലം പലഭാഗത്തും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. അതിനാൽ എലിപ്പനിക്കെതിരെ കൂടുതൽ മുൻകരുതൽ വേണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കഴിഞ്ഞ 17നാണ് കുഴൽമന്ദത്ത് നിന്ന് ഒരുകേസ് റിപ്പോർട്ട് ചെയ്തത്.
എലിമൂത്രം വഴി പകരുന്ന രോഗമാണിത്. 'ലെപ്‌റ്റോസ്‌പൈറെ' വിഭാഗത്തിൽപെടുന്ന ബാക്ടീരിയ ബാധിച്ചുണ്ടാകുന്ന ഈരോഗം ഗുരുതരമായ ഒട്ടേറെ ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാക്കും. കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെയാണ് രോഗം കൂടുതൽ വ്യാപിക്കുന്നത്. ശക്തമായ പനി, തലവേദന, കുളിര്, കണ്ണിന് ചുവപ്പ്, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ, വൃക്കതകരാർ, കരൾ തകരാർ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. എലികളിൽ മാത്രമല്ല, മറ്റ് പലമൃഗങ്ങളിലും രോഗാണു കാണപ്പെടാം. ഇവയുടെ മൂത്രം വെള്ളത്തിൽ കലർന്ന്, ആ വെള്ളം ശരീരത്തിലുള്ള മുറിവിൽ പറ്റുമ്പോഴാണ് രോഗം ബാധിക്കുക.
-എങ്ങനെ തടയാം
.എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം
.മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴുവാക്കണം
.കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക
.കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങരുത്
. ബൂട്‌സ്, കൈയുറകൾ എന്നിവ ഉപയോഗിക്കുക
.വീട്ടിലുള്ള വെള്ളത്തിലും എലിമൂത്രവും വിസർജ്യവും കലരാത്ത രീതിയിൽ മൂടിവയ്ക്കുക
.വെള്ളം ക്ലോറിനേഷൻ ചെയ്തശേഷം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക