photo
കൊടുവായൂർ ടൗണിൽ ഇന്നലെ ഉണ്ടായ ഗതാഗതകുരുക്കിൽപ്പെട്ട ആംബുലൻസ്.

കൊടുവായൂർ: റോഡുകളുടെ വീതികുറവ് മൂലം ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുകയാണ് നഗരം. ഇന്നലെ ടൗണിലെ ഗതാഗകുരുക്കിൽപ്പെട്ട ആംബുലൻസിന് കടന്നു പോകാൻ സാധിക്കാതെ ഏറെനേരം കുടുങ്ങി. പ്രധാന വ്യാപാര കേന്ദ്രമായ കൊടുവായൂരിൽ ദിവസേന രാവിലെ മുതൽ നൂറുകണക്കിന് വാഹനങ്ങളാണ് ചരക്ക് ഇറക്കാനും കയറ്റാനുമായി ഇവിടെ എത്തുന്നത്.

ഇടുങ്ങിയ റോഡായതിനാൽ ഏതുസമയവും ഇവിടെ കുരുക്കാണ്. ഈ സാഹര്യത്തിലും ഇവിടെ എത്തുന്ന ലോറികളും മറ്റുവാഹനങ്ങളും ചരക്കുകൾ ഇറക്കുന്നതിലും കയറ്റുന്നതിലും ഏറെ അനാസ്ഥ കാണിക്കുന്നതായും പരാതികളുണ്ട്. ഇവരുടെ അനാസ്ഥയാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണമെന്ന് നാട്ടുകാരും യാത്രക്കാരും പറഞ്ഞു.

ഇത്തരം അനാസ്ഥകാരണമാണ് ഇന്നലെ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് കുരുക്കിൽ പെടേണ്ടിവന്നത്. പാലക്കാട്, പെരുങ്ങോട്ടുകുറുശ്ശി, തൃശൂർ, ആലത്തൂർ തുടങ്ങി വിവിധസ്ഥലങ്ങളിലേക്ക് നിരവധി ബസ് സർവ്വീസുകളും നടത്തുന്ന പ്രധാന റോഡുകൂടിയാണിത്. ഇവിടത്തെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്ന ദീർഘകാലത്തെ ആവശ്യം അധികൃതർ അവഗണിക്കുന്നതിനാൽ ജനങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.